രാജ്യപൈതൃകം വിളംബരം ചെയ്ത് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: അറബിക്-ബോളിവുഡ് സംഗീത അകമ്പടിയോടെ തുടങ്ങിയ അല്‍ മര്‍ജാന്‍ ഐലന്റിലെ പുതുവത്സരാഘോഷത്തിന് വര്‍ണങ്ങള്‍ പെയ്തിറങ്ങിയ കരിമരുന്ന് പ്രകടനത്തിനൊടുവില്‍ ഗിന്നസ് നേട്ട പരിസമാപ്തി. ഡ്രോണുകളും ലേസറുകളും ക്രമീകരിച്ച് നടത്തിയ കരിമരുന്ന് വിരുന്നില്‍ രണ്ട് ലോക റെക്കോഡുകളാണ് റാസല്‍ഖൈമ സ്ഥാപിച്ചത്.
750 ഡ്രോണ്‍ ഷോയിലൂടെ വാനില്‍ വിരിഞ്ഞ മുത്തുച്ചിപ്പിയും 1400 ഡ്രോണുകള്‍ തീര്‍ത്ത വലിയ മരവുമാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. ഇതോടെ തുടര്‍ച്ചയായ ആറാമത് വര്‍ഷവും ഗിന്നസ് നേട്ട പട്ടികയില്‍ റാസല്‍ഖൈമ ഇടം പിടിച്ചു. പവിഴ ദ്വീപുകള്‍ കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളും നടന്നു.
പുതുവര്‍ഷ പിറവിയിലെ ആദ്യ സെക്കൻഡിനെ അല്‍ ജസീറ അല്‍ ഹംറയില്‍ തമ്പടിച്ച പുരുഷാരം ആര്‍പ്പുവിളികളോടെ എതിരേറ്റു.
പൈറോഡ്രോണുകള്‍, നാനോ ലൈറ്റുകള്‍, ഇലക്ട്രോണിക് ബീറ്റുകളില് കോറിയോഗ്രാഫ് ചെയ്ത പെയ്തിറങ്ങുന്ന വര്ണങ്ങളിലായിരുന്നു ഗിന്നസ് റെക്കോഡ് പൈറോടെക്നിക്ക് വെടിക്കെട്ട്.
അല്‍ മര്‍ജാന്‍ ഐലന്റിനും അല്‍ഹംറ വില്ലേജിനും ഇടയിലെ കടല്‍തീരത്ത് 4.7 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പൈറോ മ്യൂസിക്കല്‍ ഡിസ് േപ്ലകള്ക്കൊപ്പം വര്‍ണ പ്രപഞ്ചം തീര്‍ത്തത്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനത്തിനൊപ്പം ലേസര്‍ ഡ്രോണ്‍-ക്രിയേറ്റിവ് സാങ്കേതിക വിദ്യ സംയോജനത്തിലൂടെ റാസല്‍ഖൈമയുടെ പ്രകൃതിയും പൈതൃകവും സംസ്കാരവും പ്രതീകാത്മക ചിഹ്നങ്ങളും വാനില്‍ തെളിഞ്ഞത് രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും വിളംബരം ചെയ്യുന്നതായി.
പുതുവര്‍ഷ ദിനം പുലര്‍ച്ച 12ന് നടന്ന വെടിക്കെട്ട് ആസ്വദിക്കാന്‍ തലേന്ന് ഉച്ചക്ക് രണ്ടുമണിയോടെ തന്നെ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. മണിക്കൂറുകളുടെ കാത്തിരിപ്പ് പാഴായില്ലെന്ന സന്തോഷത്തോടെ ആഹ്ലാദാരവങ്ങള്‍ മുഴക്കിയാണ് വിവിധ ദിക്കുകളില്‍ നിന്നൊഴുകിയത്തെിയ ജനസഞ്ചയം ജസീറയില്‍ നിന്ന് മടങ്ങിയത്.
ജബല്‍ ജെയ്സ്, ബീച്ചുകള്‍, കോര്‍ണീഷ്, ജബല്‍ യാനസ്, വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും ആഘോഷം നടന്നു. റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി, ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങള്‍, പബ്ലിക് വര്‍ക്സ് തുടങ്ങി വിവിധ വകുപ്പുകളുടെയും സംയുക്ത സഹകരണത്തിലായിരുന്നു റാസല്‍ഖൈമയിലെ പുതുവര്‍ഷാഘോഷം.
സന്ദര്‍ശകര്‍ക്കും തദ്ദേശീയര്‍ക്കും മുന്നില്‍ അവിസ്മരണീയമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനായതില്‍ റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിക്ക് അഭിമാനമുണ്ടെന്ന് സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് വിധി കര്‍ത്താവായ എമ്മ ബ്രെയിനില്നിന്ന് വേള്‍ഡ് റെക്കോഡ് സാക്ഷ്യപത്രം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗിന്നസ് വേള്‍ഡ് റെക്കോഡിനാവശ്യമായ മാര്‍ഗനിർദേശങ്ങള്‍ക്കനുസൃതമായ പരിശോധനയും കൃത്യതയും ഉറപ്പു വരുത്തിയതിന് ശേഷമാണ് റാസല്‍ഖൈമയെ ഗിന്നസ് സാക്ഷ്യപത്രം സമ്മാനിച്ചതെന്ന് എമ്മ ബ്രെയിന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.