അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: ദുബൈ നോളജ് ആൻഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിക്ക് (കെ.എച്ച്.ഡി.എ) പിറകെ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നോളജ് (റാക് ഡി.ഒ.കെ). വിദ്യാലയങ്ങളില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നവരെയും മികച്ച സേവനം ചെയ്യുന്നവരെയും രാജ്യത്ത് നിലനിര്‍ത്തുകയും വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രതിഭകളെ യു.എ.ഇയിലേക്ക് ആകര്ഷിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് അധ്യാപകര്‍ക്കായുള്ള ഗോള്‍ഡന്‍ വിസ പ്രഖ്യാപനം.
സ്കൂള്‍ അധ്യാപകര്‍, പ്രധാനാധ്യാപകര്‍, വൈസ് പ്രിന്‍സിപ്പല്‍, സ്കൂള്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാമെന്ന് റാക് ഡി.ഒ.കെ ബോര്‍ഡ് അംഗം ഡോ. അബ്ദുല്റഹ്മാന് നഖ്ബി പറഞ്ഞു.
വിദ്യാലയത്തിന്റെ പ്രകടന നിലവാരം ഉയര്‍ത്തുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരും റാസല്‍ഖൈമയില്‍ മൂന്നുവര്‍ഷമായി ജോലി ചെയ്യുന്നവരുമായ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസക്കായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സ്കൂള്‍ മാനേജ്മെന്റിന്റെ സാക്ഷ്യപത്രം, ബിരുദ-ബിരുദാനന്തര സാക്ഷ്യപത്രം, താമസ രേഖകള്‍ തുടങ്ങിയവയും സമര്‍പ്പിക്കണം.
ലഭിക്കുന്ന അപേക്ഷകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനക്കുശേഷം വിസ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. സ്വീകരിക്കുന്ന അപേക്ഷകളില്‍ നിശ്ചിത സേവന നിരക്ക് നല്കുന്ന മുറക്ക് 14 പ്രവൃത്തി ദിനങ്ങള്‍ക്കകം ഗോള്‍ഡന്‍ വിസ അനുവദിക്കും.
യോഗ്യതയുള്ളവര്‍ക്ക് ദീര്‍ഘകാല വിസ നേടുന്നതിലൂടെ സ്വയം സ്പോണ്‍സര്‍ഷിപ് നല്കുന്നതിനുതകുന്നതാണ് ടീച്ചേഴ്സ് ഗോള്‍ഡന്‍ വിസ പദ്ധതി. വിലമതിക്കാനാകാത്ത സേവനമാണ് അധ്യാപക സമൂഹം രാജ്യത്തിന് നല്‍കുന്നത്.
ഗോള്‍ഡന്‍ വിസ പ്രഖ്യാപനത്തിലൂടെ അവരുടെ സംഭാവനകളെ അംഗീകരിക്കുകയാണ്. ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പിന്തുടര്ന്ന് റാസല്‍ഖൈമയിലെ വിദ്യാഭ്യാസ രീതികള്‍ പുനരാവിഷ്കരിക്കണമെന്നത് റാക് വിജ്ഞാന വകുപ്പിന്റെ പ്രഖ്യാപിത നയമാണ്. വിദ്യാഭ്യാസ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും വിദ്യാര്‍ഥികളുടെ തുടര്‍ച്ചയായ വിജയം ഉറപ്പാക്കുന്നതിനും റാക് ഡി.ഒ.കെയുടെ സമര്‍പ്പണം ടീച്ചേഴ്സ് ഗോള്‍ഡന്‍ വിസ പദ്ധതിയിലൂടെ ഉറപ്പിക്കുകയാണെന്നും ഡോ. അബ്ദുല്റഹ്മാന് തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.