റാസൽഖൈമ -ദുബൈ പുതിയ റോഡ് തുറന്നു
text_fieldsദുബൈ: റാസൽഖൈമയിൽനിന്ന് ദുബൈയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാനായി പുതിയ റോഡ് തുറന്നു. ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് E611 റോഡിന്റെ പണി പൂർത്തീകരിച്ചത്. റാസൽഖൈമയിൽനിന്ന് ദുബൈയിലേക്കുള്ള സ്കൂൾ ബസുകളുടെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ റോഡ് നിർമിച്ചത്.
അൽബർഷ ഏരിയയിലെ ജങ്ഷൻ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ അക്കാദമിക വർഷാരംഭത്തിൽ തന്നെ പുതിയ റോഡ് തുറക്കാൻ കഴിഞ്ഞതോടെ സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ. ആഗസ്റ്റ് 28നാണ് യു.എ.ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.
ഞായറാഴ്ച എക്സിലൂടെയാണ് പുതിയ റോഡ് തുറന്ന വിവരം ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അറിയിച്ചത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള നഗരങ്ങളും എമിറേറ്റുകളും തമ്മിലുള്ള ബന്ധവും ആശയവിനിമയവും മെച്ചപ്പെടുത്താൻ പുതിയ റോഡ് സഹായകമാകുമെന്ന് ഊർജ അടിസ്ഥാന വികസന മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതിനാൽ ഗതാഗത തടസ്സമില്ലാത്ത വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും. ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രസമയവും ഇതുവഴി വലിയ രീതിയിൽ കുറയുമെന്നാണ് പ്രതീക്ഷ. ദുബൈയിൽ നിന്ന് റാസൽഖൈമയിലെ പ്രധാന വിനോദ സഞ്ചാര മേഖലകൾ ലക്ഷ്യംവെക്കുന്ന ടൂറിസ്റ്റുകൾക്ക് പുതിയ റോഡ് ഏറെ ഗുണകരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.