ടൈം മാഗസിന്‍റെ സുന്ദര സ്ഥലങ്ങളില്‍ റാസല്‍ഖൈമയും
text_fieldsറാസല്‍ഖൈമ: പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 സ്ഥലങ്ങളെ തെരഞ്ഞെടുത്ത 'ടൈം മാഗസിന്‍റെ' പട്ടികയില്‍ റാസല്‍ഖൈമയും. അതുല്യ ഭൂപ്രകൃതിയും സിപ് ലൈന്‍ ഉള്‍പ്പെടെയുള്ള ലോകോത്തര വിനോദ ഘടകങ്ങളെയും പരിചയപ്പെടുത്തിയാണ് ടൈം മാഗസിന്‍ റാസല്‍ഖൈമയെ ലോകത്തിന് മുന്നില്‍ വെക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ റാസല്‍ഖൈമയിലെ സിപ്ലൈന്‍ 2018 ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ ഏറ്റവും ഉയരത്തിലുള്ള വിനോദകേന്ദ്രമായ ജെയ്സ് മലനിരയിലാണ് സിപ് ലൈന്‍ സ്ഥിതിചെയ്യുന്നത്. 2,832 മീറ്റര്‍ നീളമുള്ള സിപ്ലൈന്‍ 120-150 കിലോമീറ്റര്‍ വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സാഹസിക സഞ്ചാരികളുടെ പറുദീസയായ യു.എ.ഇയുടെ മലനിരകളില്‍ സുപ്രധാനമായ സ്ഥാനമാണ് റാസല്‍ഖൈമയിലെ ഹജ്ജാര്‍ മലനിരകള്‍ക്കുള്ളത്. യാനസ്, ഗലീല പര്‍വതനിരകള്‍ക്കൊപ്പം ജെയ്സ് മലനിരയും ലക്ഷ്യമാക്കി ആയിരങ്ങളാണ് റാസല്‍ഖൈമയിലത്തെുന്നത്. മലമുകളിലേക്ക് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ സാധാരണക്കാരുടെയും പ്രിയ കേന്ദ്രമായി ജെയ്സ് മലനിര മാറിയിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 1900 മീറ്റര്‍ ഉയരത്തിലാണ് ജെയ്സ് മലനിരയുടെ സ്ഥാനം. 1600 മീറ്റര്‍ ഉയരത്തില്‍നിന്ന് 1200 മീറ്ററിലേക്കാണ് സിപ് ലൈന്‍ സംവിധാനിച്ചിട്ടുള്ളത്.
ലോക വിനോദ സൂചികയിലെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കൊപ്പം ലോകോത്തര സിപ് ലൈനിന്‍റെ പ്രവര്‍ത്തനവും ഗള്‍ഫ് രാജ്യങ്ങളുടെ ടൂറിസം തലസ്ഥാനമായി റാസല്‍ഖൈമയെ പരിഗണിച്ചതില്‍ മുഖ്യഘടകമാണ്. അജ്മാന്‍ ഭരണാധിപ കുടുംബത്തില്‍നിന്നുള്ള ഏഴുവയസ്സുകാരനാണ് റാക് സിപ്ലൈനിലേറിയ ഏറ്റവും പ്രായം കുറഞ്ഞ ബാലന്‍. സൗത്ത് ആഫ്രിക്കയില്‍നിന്നുള്ള 83കാരനാണ് സിപ്ലൈന്‍ ആസ്വദിച്ച ഏറ്റവും പ്രായമേറിയ വ്യക്തി. 45 മുതൽ 130 കിലോ വരെ തൂക്കമുള്ള ആര്‍ക്കും സിപ് ലൈനില്‍ പ്രവേശനം അനുവദിക്കും.
റാക് ടൂറിസം ഡവലപ്മെന്‍റ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സിപ് ലൈനിന്‍റെ പ്രവര്‍ത്തനം. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് സമയം. ഓണ്‍ലൈന്‍ മുഖേനയാണ് ബുക്കിങ്. 300 ദിര്‍ഹമാണ് ഫീസ്. 450 ദിര്‍ഹമിന് കോമ്പോ ഓഫറും ലഭ്യമാണ്. ഒരേസമയം രണ്ട് പേര്‍ക്കാണ് സിപ്ലൈന്‍ ആസ്വാദനം സാധ്യമാവുക.
ജബല്‍ ജെയ്സ് കേന്ദ്രീകരിച്ച് റാക് ടൂറിസം വികസന വകുപ്പിന്‍റെ 500 ദശലക്ഷം ദിര്‍ഹമിന്‍റെ നിക്ഷേപ പദ്ധതിയും നിലവിലുണ്ട്. ജെയ്സ് സ്ലൈഡര്‍, പാരാ ഗ്ലൈഡിങ് ജെയ്സ് വിങ്, നീന്തല്‍ക്കുളമുള്‍പ്പെടെയുള്ളവയടങ്ങിയ പോപ് അപ്പ് ഹോട്ടല്‍ തുടങ്ങിയവ ഈ പദ്ധയിയിലുള്‍പ്പെടുന്നതാണ്. ചരിത്ര പ്രദേശങ്ങളായ ജസീറ അല്‍ ഹംറ, അല്‍ദായ ഫോര്‍ട്ട്, ആറോളം ബീച്ചുകള്‍, കൃഷിസ്ഥലങ്ങള്‍, കുറഞ്ഞ ഫീസ് നിരക്കിലുള്ള ആഡംബര ഹോട്ടലുകള്‍ തുടങ്ങിയവയും സന്ദര്‍ശകരെ റാസല്‍ഖൈമയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.