ആദ്യകാല മെക്കാനിക് ഹമദ് സഗ്റാനെ ആദരിച്ച് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: റാസല്‍ഖൈമയിലേക്കുള്ള ജല വിതരണ സംവിധാനം ഒരുക്കുന്നതില്‍ സേവനമനുഷ്ഠിച്ച ആദ്യകാല മെക്കാനിക്കുകളില്‍ ഒരാളായ 88കാരനായ ഹമദ് സഗ്റാന് ആദരവ് നല്കി റാസല്‍ഖൈമ. അറ്റകുറ്റപ്പണിയോടുള്ള അഭിരുചിയും സ്വപ്രയത്നവുമാണ് അക്കാദമിക് യോഗ്യതയേതുമില്ലാത്ത ഹമദ് സഗ്റാനെ മെക്കാനിക് പദവിയിലെത്തിച്ചത്. 1960കളിലാണ് റാസല്‍ഖൈമയിലേക്കുള്ള ജലവിതരണ ശൃംഖലയുടെ നിര്‍മാണ പ്രവര്‍ത്തനം നടന്നത്.
കൃഷി നിലങ്ങളിലെ ജലസേചനത്തിനും താമസ കേന്ദ്രങ്ങളിലെ കുടിവെള്ള ആവശ്യത്തിനുമായുള്ള പമ്പുകളുടെ പ്രതിഷ്ഠാപന പ്രവൃത്തികള്‍ നടക്കുമ്പോള്‍ ഹമദ് സഗ്റാന് 20 വയസ്സായിരുന്നു. ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത മോട്ടോറുകള്‍ ഫാമുകളിലും വീടുകളിലും സ്ഥാപിക്കുന്നതിനും അതിന്റെ സുഗമമായ പ്രവര്‍ത്തനം സാധ്യമാക്കിയതും സഗ്റാന്റെ മുന്‍കൈയിലായിരുന്നു. ഇത്തിഹാദ് വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റി മ്യൂസിയം ഉദ്ഘാടന വേളയിലാണ് ഹമദ് സഗ്റാന്റെ സേവനങ്ങള്‍ ആഘോഷിക്കപ്പെട്ടത്.
ചടങ്ങില്‍ യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, യു.എ.ഇ ഊര്‍ജ-അടിസ്ഥാന വികസന മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്റൂയി എന്നിവരില്‍നിന്ന് ഹമദ് സഗ്റാന് ആദരവ് ഏറ്റുവാങ്ങി. ദീര്‍ഘനാള്‍ ഫെഡറല്‍ ഇലക്ട്രിസിറ്റി വാട്ടര്‍ അതോറിറ്റിയില്‍ സേവനമനുഷ്ഠിച്ച ഹമദ് സഗ്റാന് താമസ സ്ഥലത്തോടുചേര്‍ന്ന വർക്ഷോപ്പില്‍ 88ാമത്തെ വയസ്സിലും മെക്കാനിക് ജോലിയില്‍ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.