റാസൽഖൈമ- മുസന്തം ബസ് സർവിസ് തുടങ്ങി
text_fieldsറാസൽ ഖൈമ: യു.എ.ഇയിലെ റാസൽഖൈമയിൽനിന്ന് ഒമാനിലെ മുസന്തത്തേക്ക് ബസ് സർവിസ് ആരംഭിച്ചു. ആദ്യ ബസിന് മുസന്തം ഗവർണറേറ്റിൽ വൻ സ്വീകരണമാണ് ലഭിച്ചത്. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് അയൽരാജ്യത്തേക്ക് ബസ് സർവിസ് ആരംഭിച്ചിരിക്കുന്നത്.
രാവിലെ എട്ടു മണിക്കാണ് റാസൽഖൈമയിൽനിന്ന് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്തത്തേക്കുള്ള ആദ്യ ബസ് പുറപ്പെടുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമയിൽനിന്ന് മുസന്തം ബസ് പുറപ്പെടും. ഇതേസമയം മുസന്തമിൽനിന്ന് തിരിച്ചും ബസുണ്ടാകും. ഒമാനും യു.എ.ഇക്കുമിടയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ബസ് സർവിസെന്ന് റാക്ട ഡയറക്ടർ ജനറൽ ഇസ്മായിൽ ഹസൻ ആൽ ബലൂഷി പറഞ്ഞു.
നിറയെ യാത്രക്കാരുമായി മുസന്തമിലെ ഖസബിലെത്തിയ ആദ്യ ബസിന് മുസന്തം ഗവർണറേറ്റ് പ്രതിനിധികളുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. ഖസബിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും അധികൃതർ യാത്രക്കാരെ ആഘോഷത്തോടെ വരവേറ്റു. 50 ദിർഹം നിരക്കിലാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ബസ് സർവിസ് നടത്തുന്നത്. റാക്ടയുടെ അന്താരാഷ്ട്ര ബസ് സർവിസിനു കൂടിയാണ് തുടക്കമായെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.