ഇ-തട്ടിപ്പുകൾക്ക് എതിരെ റാക് പൊലീസ് പ്രചാരണം
text_fieldsറാസല്‍ഖൈമ: ഇലക്ട്രോണിക് തട്ടിപ്പിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി റാക് പൊലീസ് പ്രചാരണം. ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്കുന്ന ഗുണഫലങ്ങള്‍ക്കൊപ്പം അതിനു പിന്നില്‍ ഒളിച്ചിരിക്കുന്ന വ്യാജന്മാരെക്കുറിച്ച അവബോധവും സമൂഹത്തിനുണ്ടാകണമെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഹമദ് അല്‍ അവാദി പറഞ്ഞു. ഇ-തട്ടിപ്പ് തടയുന്നതിന് സഹായിക്കുന്ന ബോധവത്കരണമാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.
അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന കാളുകളോട് പ്രതികരിക്കാതിരിക്കുക, സംശയാസ്പദമായ ഇ-മെയിലുകള്‍ അവഗണിക്കുക, റിക്രൂട്ട്മെന്റ്, ഓഫറുകള്‍ തുടങ്ങിയവ അവതരിപ്പിക്കുന്ന വെബ് സൈറ്റുകളുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുക, ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകള്‍, വ്യക്തിഗത വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, അക്കൗണ്ട് നമ്പറുകള്‍ തുടങ്ങിയവയില്‍ രഹസ്യ സ്വഭാവം സൂക്ഷിക്കുക, എല്ലാ അക്കൗണ്ടുകളുടെയും പാസ്വര്ഡുകള് നിശ്ചിത സമയങ്ങളില്‍ പുതുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക എന്നിവ ശ്രദ്ധിക്കണമെന്ന് പ്രചാരണത്തിൽ നിർദേശിക്കുന്നുണ്ട്.
ഇലക്ട്രോണിക് തട്ടിപ്പിന് വിധേയനായാല്‍ ഉപഭോക്താവ് ഭീഷണികള്‍ക്ക് വഴങ്ങരുതെന്നും ഇടപാട് നടത്തുന്ന ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയും നിയമനടപടികള്‍ക്കായി പൊലീസിനെ സമീപിക്കുകയും ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.