ചൈനീസ് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതികളുമായി റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ).
ചൈനീസ് സഞ്ചാരികള്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമെന്ന നിലയില്‍ റാസല്‍ഖൈമയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്ന രീതിയില്‍ പുതിയ സംരംഭങ്ങള്‍ രൂപകൽപന ചെയ്തതായി റാക് ടി.ഡി.എ വാർത്തക്കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബെര്‍ലിനില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ആഗോള യാത്ര സേവന ദാതാക്കളായ ട്രിപ്പ്.കോം ഗ്രൂപ്പുമായി റാക് ടി.ഡി.എ ധാരണപത്രത്തില്‍ ഒപ്പുവെച്ചതായും അധികൃതര്‍ പറഞ്ഞു.
ചൈനീസ് സഞ്ചാരികള്‍ക്ക് മുന്നില്‍ അതുല്യ പ്രദേശമായി റാസൽഖൈമയെ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ട്രിപ്പ്.കോം ഗ്രൂപ് വൈസ് പ്രസിഡന്റ് അമാന്‍ഡ വാങ് അഭിപ്രായപ്പെട്ടു. പ്രകൃതിസൗന്ദര്യം, സാഹസികത, സാംസ്കാരിക പ്രാധാന്യം എന്നിവ റാസല്‍ഖൈമയുടെ സവിശേഷമായ പ്രത്യേകതകളാണ്.
ചൈനീസ് യാത്രക്കാര്‍ക്ക് ആകര്‍ഷകമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിന് റാക് ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഡിജിറ്റല്‍ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കും.
ഇതിലൂടെ കൂടുതല്‍ സന്ദര്‍ശകരെ റാസല്ഖൈമയിലെത്തിക്കാനാകും. ഭാഷാ പിന്തുണ ഉള്‍പ്പെടെയുള്ള യാത്ര പദ്ധതികള്‍ക്കായി സമഗ്രമായ വെര്‍ച്വല്‍ ഇടം വാഗ്ദാനം ചെയ്യുന്നതായും അമാന്‍ഡ വാങ് തുടര്‍ന്നു. -റാക് വിനോദ മേഖലക്ക് 2024 എക്കാലത്തെയും മികച്ച വര്‍ഷമായി റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിനോദ വരുമാനത്തില്‍ 12 ശതമാനം വളര്‍ച്ചയും സന്ദര്‍ശകരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയുമാണ് പോയവര്‍ഷത്തെ റാസല്‍ഖൈമയുടെ നേട്ടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.