റാസൽഖോർ റോഡ് വീതികൂട്ടി വികസിപ്പിക്കൽ പൂർത്തിയായി
text_fieldsമൂന്ന് ലെയ്നുകളായിരുന്ന റോഡ് നാല് ലെയ്നുകളാക്കി
ദുബൈ: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റാസൽഖോർ റോഡ് വീതികൂട്ടി വികസിപ്പിക്കുന്ന പദ്ധതി പൂർത്തിയായി. ബൂ ഖദ്റ കവല മുതൽ അൽഖൈൽ റോഡ് കവല വരെയാണ് രണ്ടു ഭാഗത്തേക്കും മൂന്നു കി.മീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിച്ചത്. മൂന്ന് ലെയ്നുകളായിരുന്ന റോഡ് നാല് ലെയ്നുകളാക്കിയാണ് വികസിപ്പിച്ചത്. ദുബൈ-അൽ ഐൻ റോഡിന്റെ ദിശയിലേക്ക് റാസൽഖോർ റോഡിൽനിന്ന് തിരിയുന്നതിനുള്ള ഉപ റോഡ് ഒന്നിൽനിന്ന് രണ്ട് വരിയായി ഏപ്രിൽ മാസത്തോടെ വികസിപ്പിക്കുമെന്നും ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പത്രക്കുറിപ്പിൽ അറിയിച്ചു.
ദുബൈ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ടാണ് ആർ.ടി.എ പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ നഗരവത്കരണവും ജനസംഖ്യ വർധനവുമുള്ള സ്ഥലങ്ങളിലാണ് പ്രധാനമായും വികസനം നടപ്പാക്കുന്നത്. നിരവധി വികസനപദ്ധതികൾ നടപ്പാക്കുന്ന സ്ഥലവും വിവിധ റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളിലായി ഏകദേശം 6.5ലക്ഷം പേർ താമസിക്കുകയും ചെയ്യുന്നയിടവുമാണ് റാസൽഖോർ റോഡ്. റോഡ് വികസനം രണ്ട് ദിശയിലേക്കുമുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതാണ് നിലവിൽ നടപ്പാക്കിയ വികസനപദ്ധതികൾ. റാസൽഖോർ റോഡിൽ മണിക്കൂറിൽ 6,000 വാഹനങ്ങൾ കടന്നുപോയിരുന്നത് പുതിയ വികസനം പൂർത്തിയായതോടെ 8,000ആകും. തിരക്കുള്ള സമയങ്ങളിലെ യാത്രാസമയം 33ശതമാനം കുറക്കാനും ഇത് സഹായിക്കും. അതോടൊപ്പം ദുബൈ-അൽ ഐൻ റോഡിന്റെ ദിശയിലേക്ക് റാസൽഖോർ റോഡിൽനിന്ന് തിരിയുന്നതിനുള്ള ഉപ റോഡ് വികസനം മണിക്കൂറിൽ 1,000 വാഹനങ്ങൾ കടന്നുപോയിരുന്നത് ഇരട്ടിയായി വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.