ഉറ്റവരുടെ ചാരത്ത് റാഷിദ് അന്‍വര്‍ ധര്
text_fieldsെഎ. എ. എസ് ഷാര്‍ജ മാനേജ്മെന്റ് കമ്മിറ്റിയംഗം പ്രഭാകരന് ചണ്ഡിഗഢ് വിമാനത്താവളത്തില്‍ റാഷിദ് അന്‍വര്‍ ധറിനെ കുടുംബാംഗത്തിന് ഏല്പിക്കുന്നു
ഷാര്‍ജ: എട്ട് മാസം മുമ്പ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ (ഐ.എ.എസ്) നടന്ന ഓപണ്‍ ഹൗസിലെത്തിയവരുടെ മനസ്സില്‍ നൊമ്പരം പടര്‍ത്തിയ റാഷിദ് അന്‍വര്‍ ധര് (84) ഒടുവില്‍ പിറന്ന മണ്ണില്‍. മറവി രോഗം പിടികൂടിയ വയോധികനായ റാഷിദ് തല ചായ്ക്കാനിടം ആവശ്യപ്പെട്ടാണ് ഐ.എ.എസിൽ എത്തിയതെന്ന് പ്രസിഡന്റ് നിസാര്‍ തളങ്കര ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പേര് മാത്രം ഓര്‍മയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കൈവശം പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഒരു രേഖയും ഉണ്ടായിരുന്നില്ല. റാഷിദ് അന്‍വര്‍ ധര് എന്ന് പരിചയപ്പെടുത്തിയ ഇദ്ദേഹം യു.എ.ഇയില്‍ ഡോക്ടറായിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍, റാഷിദ് പറഞ്ഞ ആശുപത്രികളിലെല്ലാം അന്വേഷിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല.
ഓപണ്‍ ഹൗസിനെത്തിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനും റാഷിദിന്റെ ബന്ധുക്കളെ കണ്ടെത്താൻ പ്രത്യേക താല്പര്യമെടുത്തു. റാഷിദിനായി അസോസിഷേനില്‍ താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയ ഭരണസമിതിയംഗങ്ങള്‍ ഉറ്റവര്‍ക്കായുള്ള അന്വേഷണവും തുടര്‍ന്നു. ഒടുവിൽ കോണ്‍സുലേറ്റ് സ്വദേശം കശ്മീരാണെന്ന് കണ്ടെത്തി.
ധര് എന്ന കുടുംബ പേര് ഓര്മയിലുണ്ടായിരുന്നതാണ് ഉറ്റവരെ കണ്ടെത്താന്‍ തുണച്ചത്. ഇതിനിടെ ചികില്‍സ ആവശ്യമായി വന്ന റാഷിദിന് ദുബൈ ആശുപത്രിയില്‍ സൗകര്യമൊരുക്കി. ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് റാഷിദ് നാട്ടിലേക്ക് മടങ്ങുന്നത്. അസോസിയേഷന് കമ്മിറ്റിയംഗം പ്രഭാകരനൊപ്പം ബുധനാഴ്ച രാവിലെ 10.30ന് ദുബൈയില്‍ നിന്ന് തിരിച്ച റാഷിദ് വൈകീട്ട് ചണ്ഡിഗഢ് വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നതായി ഐ.എ.എസ് ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.