'റാശിദ്' റോവർ വിക്ഷേപണം ഞായറാഴ്ച
text_fieldsദുബൈ: സാങ്കേതിക കാരണങ്ങളാൽ പലതവണ മാറ്റിവെച്ച യു.എ.ഇയുടെ ചാന്ദ്രദൗത്യമായ 'റാശിദ്' റോവറിന്റെ വിക്ഷേപണം ഞായറാഴ്ചയെന്ന് അധികൃതർ. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് വിക്ഷേപണം നടക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ദിവസം പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കി വിക്ഷേപണം നീട്ടുകയായിരുന്നു.
റാശിദിന്റെ വിക്ഷേപണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് നേരത്തേ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11.38നാണ് യു.എസിലെ േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് റാശിദ് റോവർ വിക്ഷേപിക്കുകയെന്ന് രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ ട്വിറ്ററിൽ കുറിച്ചു.
അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമാണിത്. അടുത്ത വർഷം ഏപ്രിലോടെ ദൗത്യം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. ഐ സ്പേസാണ് 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്. ഈ ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരാണ് റാശിദ് റോവർ നിർമിച്ചത്. ഇതുവരെ, അമേരിക്കക്കും റഷ്യക്കും ചൈനക്കും മാത്രമേ ചന്ദ്രോപരിതലത്തിൽ പേടകം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 'റാശിദ്' ദൗത്യം വിജയിച്ചാൽ റോവർ ചന്ദ്രനിൽ എത്തിക്കുന്ന നാലാമത്തെ രാജ്യമാകും യു.എ.ഇ. ചന്ദ്രനിലെ മണ്ണിന്റെ സവിശേഷതകൾ, ചന്ദ്രനിലെ പാറകളുടെ ഘടനയും ഗുണങ്ങളും ഭൂമിശാസ്ത്രവും പഠിക്കൽ എന്നിവയാണ് 'റാശിദി'ലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.