'റാശിദ്' റോവർ വിക്ഷേപണം ഇന്ന്
text_fieldsദുബൈ: യു.എ.ഇയുടെ ചാന്ദ്രദൗത്യമായ 'റാശിദ്' റോവറിന്റെ വിക്ഷേപണം ഞായറാഴ്ച. സാങ്കേതിക കാരണങ്ങളാൽ പലതവണ മാറ്റിവെച്ച ശേഷമാണ് അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യം വിക്ഷേപണത്തിന് ഒരുങ്ങുന്നത്. റാശിദിന്റെ വിക്ഷേപണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് കഴിഞ്ഞയാഴ്ച അധികൃതർ പ്രഖ്യാപിച്ചിരുന്നു.
രാവിലെ 11.38നാണ് യു.എസിലെ േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് റാശിദ് റോവർ വിക്ഷേപിക്കുകയെന്ന് രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ ട്വിറ്ററിൽ കുറിച്ചു. 'റാശിദ്' ചന്ദ്രോപരിതലത്തിൽ എത്തുന്നതിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ടിരുന്നു. അനിവാര്യമായ പരിശോധനകൾ പൂർത്തിയാക്കിയശേഷം റോവർ വിക്ഷേപണത്തിന് തയാറായതായി വിഡിയോയിൽ പറയുന്നുണ്ട്.
2023 ഏപ്രിലോടെയാണ് ദൗത്യം പൂർത്തിയാക്കി റോവർ ചന്ദ്രനിലെത്തുക. ഐ സ്പേസ് നിർമിച്ച 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡറിലാണ് 'റാശിദ്' ചന്ദ്രോപരിതലത്തിൽ എത്തുക. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരാണ് റാശിദ് റോവർ നിർമിച്ചത്. ഇതുവരെ, അമേരിക്കക്കും റഷ്യക്കും ചൈനക്കും മാത്രമേ ചന്ദ്രോപരിതലത്തിൽ പേടകം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 'റാശിദ്' ദൗത്യം വിജയിച്ചാൽ റോവർ ചന്ദ്രനിൽ എത്തിക്കുന്ന നാലാമത്തെ രാജ്യമാകും യു.എ.ഇ. ചന്ദ്രനിലെ മണ്ണിന്റെ സവിശേഷതകൾ, ചന്ദ്ര പാറകളുടെ ഘടനയും ഗുണങ്ങളും, ചന്ദ്രന്റെ ഭൂമിശാസ്ത്രവും പഠിക്കൽ എന്നിവയാണ് 'റാശിദി'ലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.