'സ്വപ്നങ്ങളുടെ തടാക'ത്തിലേക്ക് റാശിദ് റോവർ അടുത്ത വർഷം കുതിക്കും
text_fieldsദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായ യു.എ.ഇയുടെ 'റാശിദ് റോവർ' അടുത്ത വർഷം വിക്ഷേപിക്കും.
സ്വപ്നതടാകം എന്നർഥമുള്ള 'ലാകസ് സോംനിയോറം' എന്ന ഭാഗത്തായിരിക്കും ചന്ദ്രനിൽ റാശിദ് ഇറങ്ങുകയെന്ന് എമിറേറ്റ്സ് ലൂണാർ മിഷൻ പദ്ധതി മാനേജർ ഡോ. ഹമദ് അൽ മർസൂഖി അറിയിച്ചു. 2022 ആഗസ്റ്റിനും നവംബറിനുമിടയിലാണ് വിക്ഷേപണം ലക്ഷ്യമിടുന്നത്. 'സ്വപ്നതടാകം' പ്രാഥമിക ലാൻഡിങ് സൈറ്റാണ്. മറ്റു മൂന്നുസ്ഥലങ്ങൾ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനായി െതരഞ്ഞെടുത്തിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
റാശിദ് റോവർ നിലവിൽ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശകേന്ദ്രത്തിനു കീഴിൽ പരീക്ഷണത്തിന് വിധേയമാക്കുകയാണ്. യു.എ.ഇ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. റാഷിദ് റോവറിെൻറ ആദ്യ പ്രോട്ടോടൈപ്പ് പരീക്ഷണം വിജയകരമായി അവസാനിച്ചതായി കഴിഞ്ഞമാസം ബഹിരാകാശ കേന്ദ്രം അറിയിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ റോവറിെൻറ കൃത്യത പരിശോധിക്കുന്ന പരീക്ഷണമാണ് നടക്കുക.
യു.എ.ഇ നിർമിത റാശിദ് റോവർ അടുത്ത വർഷം സ്പേസ് എക്സ് ഫാൽക്കൺ-ഒമ്പത് റോക്കറ്റിൽ അമേരിക്കയിലെ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചത്. ജാപ്പനീസ് കമ്പനിയായ ഐ സ്പേസ് വികസിപ്പിച്ച ഹകുതോ-ആർ എന്ന ലാൻഡറാണ് ഇതിന് ഉപയോഗിക്കുക.
ഭൂമിയിൽനിന്ന് ചന്ദ്രോപരിതലത്തിലേക്ക് എത്തിച്ചേരാൻ മൂന്ന് മാസമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വിജയകരമായാൽ അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായിത്തീരുമിത്. അമേരിക്ക, സേവിയറ്റ് യൂനിയൻ, ചൈന എന്നിവക്ക് ശേഷം ചാന്ദ്രദൗത്യം വിജയിപ്പിക്കുന്ന രാജ്യമായി യു.എ.ഇയും ജപ്പാനും മാറുകയും ചെയ്യും. അന്തരിച്ച യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിെൻറ നാമധേയത്തിലാണ് പദ്ധതി അറിയപ്പെടുന്നത്.
ചന്ദ്രനിലെ 'സ്വപ്നങ്ങളുടെ തടാകം'
ലാകസ് സോംനിയോറം എന്ന ചന്ദ്രനിലെ 'സ്വപ്നങ്ങളുടെ തടാകം' ഗ്രഹത്തിെൻറ വടക്കുകിഴക്കൻ ഭാഗത്ത് ഭൂമിയോട് ഏറ്റവും അടുത്ത ഭാഗത്തെ സമതലപ്രദേശമാണ്.
കുറഞ്ഞ ഗർത്തങ്ങളുള്ള സുഗമമായ ഉപരിതലമാണിതെങ്കിലും ഇവിടത്തെ സാഹചര്യം പ്രവചനാതീതമാണ്. 16ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനും കത്തോലിക്കാ പുരോഹിതനുമായ ജിയോവന്നി റിക്കിയോലിയാണ് ഇതിന് 'ലാകസ് സോംനിയോറം' എന്ന പേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.