'റാശിദ്'നേരത്തെ ചന്ദ്രനിൽ ഇറങ്ങിയേക്കും
text_fieldsദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായ 'റാശിദ്'റോവർ ഒക്ടോബറിൽ ചന്ദ്രനിൽ എത്തിക്കാൻ ശ്രമം. 2020ൽ പ്രഖ്യാപിച്ച ദൗത്യം 2024ൽ പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ജപ്പാനുമായി ചേർന്ന് ഈ വർഷം ഒക്ടോബറിൽ ദൗത്യം നടപ്പാക്കാനാണ് ലക്ഷ്യമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റർ ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു.
ജപ്പാന്‍റെ ഹക്തുവോ ആർ ലാൻഡർ ഉപയോഗിച്ച് റാശിദ് റോവറിനെ ചന്ദ്രനിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ സ്പേസ് സെന്‍ററിലെ എൻജിനീയർമാരാണ് റാശിദ് നിർമിക്കുന്നത്. 2017ൽ ഇതിന്‍റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
ഇതിന്‍റെ നിർമാണം പൂർത്തിയായാൽ ഉടൻ ജപ്പാന്‍റെ ലാൻഡർ കുതിക്കും. 2019ലാണ് ഹക്തൂവോ ലാൻഡർ നിർമിച്ചത്. സാങ്കേതിക പ്രശ്നംമൂലം 2020ൽ ഇതിന്‍റെ ലോഞ്ചിങ് തടസ്സപ്പെട്ടിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് നിർമാണത്തിന്‍റെ അവസാനഘട്ടത്തിലാണിത്. ഏപ്രിലിൽ ഹക്തൂവോയും റാശിദുമായുള്ള സംയോജിപ്പിക്കൽ തുടങ്ങും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽനിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. ഇതിന് മുമ്പായി അന്തിമ പരിശോധന നടത്തും. ബഹിരാകാശ ഏജൻസികളുടെയും സ്വകാര്യ കമ്പനികളുടെയും ഏഴ് പേലോഡുകളും ജപ്പാന്‍റെ ലാൻഡറിലുണ്ടാവും. ജപ്പാൻ സ്പേസ് ഏജൻസിയുടെ ലൂണാർ റോബോട്ട്, കനേഡിയൻ കമ്പനിയായ കനാഡെൻസീസ് ഏറോസ്പേസിന്റെ 360 ഡിഗ്രി കാമറ, കനേഷിയൻ ഓർഗനൈസേഷനായ മിഷൻ കൺട്രോൾ സർവിസിന്‍റെ ആർട്ടിഫിഷൽ ഇന്റലിജൻസ് ഫ്ലൈറ്റ് കമ്പ്യൂട്ടർ തുടങ്ങിയ ഇതിലുണ്ടാവും. ലാൻഡർ വിജയകരമായി ചന്ദ്രനിലെത്തിയാൽ അത് ബഹിരാകാശ രംഗത്തെ വാണിജ്യത്തിന് പ്രധാന നാഴികക്കല്ലായി മാറും.
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിന്റെ അടുത്ത 10 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റാശിദ് റോവർ പ്രഖ്യാപിച്ചത്. യു.എ.ഇ ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ചതിന്റെ ഒന്നാം വാർഷിക വേളയിലായിരുന്നു പ്രഖ്യാപനം. അറബ് ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകം വിജയകരമായി വിക്ഷേപിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ചാന്ദ്രദൗത്യം ഏറ്റെടുത്തത്.
ഇതുവരെ നടന്ന ദൗത്യങ്ങളിൽ എത്തിപ്പെടാൻ പറ്റാത്ത പ്രദേശങ്ങളിൽ 'റാശിദ്'എത്തുമെന്നും ചിത്രങ്ങളും വിവരങ്ങളും ആഗോളതലത്തിൽ ഗവേഷണകേന്ദ്രങ്ങളുമായി പങ്കിടുമെന്നുമാണ് പ്രതീക്ഷ. ചിത്രങ്ങളെടുക്കാൻ രണ്ട് ഹൈ റെസല്യൂഷൻ കാമറയും ഒരു മൈക്രോസ്കോപിക് കാമറയും 3 ഡി കാമറയും റാശിദിലുണ്ടാകും.
1000 ചിത്രങ്ങളാണ് ഇതിൽനിന്ന് പ്രതീക്ഷിക്കുന്നത്. വാഹനം ചന്ദ്രനിൽ ഇറങ്ങുന്ന സ്ഥലം, ഭൂമിയുടെ രാത്രിചിത്രങ്ങൾ, നാവിഗേഷൻ ഡേറ്റ തുടങ്ങിയവ പ്രതീക്ഷിക്കുന്നു. 2117ൽ ചൊവ്വയിൽ നഗരം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കാൽവെപ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.