സുസ്ഥിരം, സുന്ദരം; അംഗീകാര നിറവില്‍ മസ്ദര്‍ പാർക്ക്
text_fieldsഅബൂദബി: ആരോഗ്യ, വിനോദ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിവരുന്ന അബൂദബിക്ക് അഭിമാനാര്‍ഹമായ മറ്റൊരു നേട്ടം കൂടി. അബൂദബി മസ്ദര്‍ സിറ്റിയിലെ മസ്ദര്‍ പാര്‍ക്കിന് ഇസ്തിദാമ പബ്ലിക് റീം റേറ്റിങ് സിസ്റ്റത്തിന്‍റെ സുസ്ഥിര രൂപകല്‍പനക്കുള്ള മാതൃകാ റേറ്റിങ് ലഭിച്ചിരിക്കുകയാണ്. സുസ്ഥിര കാഴ്ചപ്പാടുകൾ അടിസ്ഥാനമാക്കി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് റേറ്റിങ് നൽകുന്ന സംവിധാനമാണ് ‘സുസ്ഥിരത’ എന്നർഥമുള്ള ഇസ്തിദാമ. മേഖലയില്‍ തന്നെ ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ പാർക്കാണ് മസ്ദര്‍ പാര്‍ക്ക്. ഇസ്തിദാമയുടെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക, സാംസ്‌കാരിക സുസ്ഥിരതാ മാനദണ്ഡം മസ്ദര്‍ പാര്‍ക്ക് പാലിച്ചതിനാണ് ഇത്തരമൊരു അംഗീകാരം.
മസ്ദര്‍ സിറ്റിയുടെ സുസ്ഥിര നഗരവികസന പദ്ധതിയിൽ സുപ്രധാന ഘടകമാണ് മസ്ദര്‍ പാര്‍ക്ക്. ഹരിത ഇടങ്ങളും പൊതു വിനോദകേന്ദ്രങ്ങളും വർധിപ്പിക്കുന്നതിനും പ്രകൃതിക്ക് അനുയോജ്യമായ വികസന പദ്ധതികള്‍ക്കുമായാണ് മസ്ദര്‍ പാര്‍ക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് പാര്‍ക്കിലെ കളി മൈതാനം, ബീച്ച് വോളിബോര്‍ കോര്‍ട്ടുകള്‍, ബാഡ്മിന്‍റണ്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍, വിവിധ വിനോദകേന്ദ്രങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ നിര്‍മിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി പ്രദേശികവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ വിവിധ തരം ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്ന ഭക്ഷണ ഹാളും ഒരുക്കിയിട്ടുണ്ട്.
സുസ്ഥിരത, നവീകരണം, കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവ ലക്ഷ്യമാക്കി മസ്ദര്‍ സിറ്റി നടപ്പിലാക്കുന്ന പദ്ധതികൾക്ക് ലഭിക്കുന്ന അംഗീകാരമാണിതെന്ന് സുസ്ഥിര റിയല്‍ എസ്റ്റേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ബ്രെക്കി പറഞ്ഞു. പാർക്കുകള്‍ നൂതനവും സുസ്ഥിരവും ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. സാംസ്‌കാരിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സംഭാവന നല്‍കുകയും ചെയ്യുന്നുവെന്നത് മസ്ദര്‍ സിറ്റി പാര്‍ക്കിന് ഇസ്തിദാമ റേറ്റിങ് ലഭിക്കാൻ സഹായകമായി -അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് ഗ്രീന്‍ ബില്‍ഡിങ്സ് കൗണ്‍സിലിന്റെ ലീഡ് പ്ലാറ്റിങ് റേറ്റിങ് ലഭിച്ച മസ്ജിദും മസ്ദര്‍ പാര്‍ക്കിലുണ്ട്. പരമ്പരാഗത അറബി വാസ്തുകല്‍പ്പനയും ഉയര്‍ന്ന സുസ്ഥിര നിലവാരവും സമന്വയിപ്പിച്ചാണ് മസ്ജിദിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. 2023 അവസാനത്തോടെ അബൂദബിയില്‍ നൂറിലേറെ പുതിയ പാര്‍ക്കുകള്‍ തുറക്കാനുള്ള പദ്ധതികളാണ് പൂര്‍ത്തിയായി വരുന്നത്. 1200കോടി ദിര്‍ഹം ചെലവഴിച്ചു നിര്‍മിക്കുന്ന സമൂഹ വികസന പദ്ധതികളുടെ ആദ്യഘട്ടമായാണ് പുതിയ പാര്‍ക്കുകള്‍ നിര്‍മിക്കുന്നത്. അബൂദബിയില്‍ 70ഉം അല്‍ഐനില്‍ 30ഉം അൽ ദഫ്റയില് 9ഉം ചേര്‍ത്ത് ആകെ 113 പാര്‍ക്കുകളാണ് അബൂദബി നഗര, ഗതഗത വകുപ്പ് നിര്‍മിക്കുക. 2025ഓടെ 277 പുതിയ പാര്‍ക്കുകള്‍ കൂടി നിര്‍മിക്കും. ഇതില്‍ 180ഉം അബൂദബിയിലാണ്. അല്‍ഐനില്‍ 80ഉം അല്‍ ധഫ്രയില്‍ 17ഉം പാര്‍ക്കുകളാണ് നിര്‍മിക്കുക. കാല്‍നട പാതകള്‍, സൈക്ലിങ് പാതകള്‍, സൗന്ദര്യവല്‍ക്കരണ ജോലികള്‍, കായിക ഇടങ്ങള്‍, ക്ലിനിക്കുകള്‍, പള്ളികള്‍, പാര്‍ക്കുകള്‍, പച്ചപ്പുകള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.