ഭക്ഷണം ഹലാലാണോ എന്നറിയാനും പി.സി.ആർ പരിശോധന
text_fieldsഅബൂദബി: ഭക്ഷണം ഹലാലാണോ എന്നറിയാൻ യു.എ.ഇ ലാബിൽ പി.സി.ആർ പരിശോധന. യു.എ.ഇയിലെ ഭക്ഷണ-സൗന്ദര്യവർധക ഉൽപന്നങ്ങളിൽ പന്നിയിറച്ചിയുടെ ഡി.എൻ.എ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ് അബൂദബി ആസ്ഥാനമായ അമാൻ ലാബിൽ ഡി.എൻ.എ സാങ്കേതിക വിദ്യയിലുള്ള ഈ പരിശോധന നടത്തുന്നത്.മൃഗങ്ങളുടെ പ്രോട്ടീനും മാംസവും ഉപയോഗിച്ച് വിവിധ ഭേക്ഷ്യാൽപന്നങ്ങൾ ഉണ്ടാക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങളിൽ മറഞ്ഞിരിക്കുന്ന മാംസ സാന്നിധ്യം തിരിച്ചറിയാൻ പ്രയാസമാണ്.
മുസ്ലിം ഇതര രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ഇനങ്ങളിൽ പന്നിയിറച്ചി അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷ്യ ഉൽപന്നങ്ങളിലെ മലിനീകരണം പരിശോധിക്കാനാണ് അമാൻ ലാബ് ആർ.ടി- പി.സി.ആർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.പൊതു-സ്വകാര്യ മേഖലയിലെ ഇടപാടുകാരിൽനിന്നുള്ള ഭക്ഷ്യ സാമ്പിളുകളിൽ പന്നിയിറച്ചി ഡി.എൻ.എ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നതായി ലബോറട്ടറി മാനേജർ ഷിജിൽ എരുണാംചേരി പറഞ്ഞു. മാംസ മായംചേർക്കൽ ഉൾപ്പെടെ ചത്ത കോശങ്ങളും ജനിതകമാറ്റം വരുത്തിയ ജീവിയുടെ സാന്നിധ്യവും മികച്ച ഡി.എൻ.എ പി.സി.ആർ പരിശോധനയിലൂടെ കണ്ടെത്താനാകും.
ഭക്ഷണത്തിലും സൗന്ദര്യവർധക ഉൽപന്നങ്ങളിലും പന്നിയിറച്ചി അടങ്ങിയിട്ടുണ്ടോ എന്നുകണ്ടെത്തുന്നത് ഉപഭോക്താക്കളുടെ വിശ്വാസം നേടാനും മലിനീകരണ സാധ്യത കുറക്കാനും ആർ.ടി-പി.സി.ആർ പരിശോധന സഹായിക്കും.പരിശോധിക്കുന്ന മാംസസാമ്പിൾ 300 ഗ്രാം മുതൽ 500 ഗ്രാം വരെയാണ്. ആദ്യം രജിസ്ട്രേഷെൻറ ഭാഗമായി സാമ്പിളിൽ ബാർകോഡ് ഒട്ടിക്കും. സാമ്പിൾ രജിസ്റ്റർ ചെയ്താൽ പരിശോധിച്ച് ഉറപ്പാക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നു.
അസംസ്കൃത മാംസം ഉപകരണങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ സാമ്പിൾ തയാറാക്കലും വേർതിരിച്ചെടുക്കൽ പ്രക്രിയയും പ്രത്യേകം നടത്തുന്നു. സാമ്പിൾ തയാറാക്കിയാൽ ആർ.ടി-പി.സി.ആർ ഉപകരണങ്ങളിൽ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നതെന്നും അത്യാധുനിക സൗകര്യമുള്ള മോളിക്കുലർ ബയോളജി ലാബുകളിൽ അസംസ്കൃത മാംസ- ഭക്ഷ്യവസ്തുക്കൾ എങ്ങനെ പരീക്ഷിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
വിശകലന ഫലങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യും.ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ (കിസാദ്) നാഷനൽ കാറ്ററിങ് കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അമാൻ ലാബ് ഹലാൽ പരിശോധന ഉൾപ്പെടെ നൂതന വിശകലന സേവനങ്ങൾ നടപ്പാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.