കുട്ടിക്കലാകാരന്മാരുടെ കുത്തിവരയിലുമുണ്ട് കലാരൂപം
text_fieldsഷാർജ: വായിക്കുന്നത് അറിവ് വളരാനല്ലേ.. എന്നാൽ, വായനയോടൊപ്പം ഇത്തിരി ഭാവനകൂടിയാവുമ്പോൾ ആ അറിവ് ഒന്നുകൂടി ആഴത്തിൽ ഹൃദയത്തിൽ പതിക്കും. കുട്ടികളുടെ വായനശീലത്തെ മാത്രമല്ല സർഗാത്മക കഴിവുകളെ കൂടി പരിപോഷിപ്പിക്കാനാണ് ഇത്തവണ ഷാർജ ചിൽഡ്രൻസ് ബുക് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. വർണ പെൻസിലുകൾകൊണ്ട് കുട്ടികൾ കുത്തിവരഞ്ഞതിലും ചിലതൊക്കെ ഒളിഞ്ഞിരിക്കുന്നത് കാണാം. ഓരോ കുട്ടികൾക്കും അവരുടേതായ കഴിവുകളുണ്ട്. ആ കഴിവുകളൊക്കെ പുറത്തുകൊണ്ടുവരാൻ അവർക്കാവശ്യം അതിനായൊരിടമാണ്. കുട്ടികൾക്കായി ഒരു ലോകം തന്നെ ഒരുക്കി ലോകത്തിന് മുന്നിൽ അവരെ അടയാളപ്പെടുത്താൻ പാകത്തിന് ഉള്ളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനുള്ള സെഷനുകളും വായനോത്സവത്തിലൊരുക്കിയിട്ടുണ്ട്. ക്രിയേറ്റിവ് വർക്ഷോപ്പ് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ സെഷനിൽ മൂന്നു വയസ്സുള്ള കുട്ടികൾക്ക് വരെ വർക്ഷോപ്പുകളുണ്ട്.
ഇല്ലസ്ട്രേഷൻ എക്സിബിഷൻ
48 രാജ്യങ്ങളിൽനിന്നുള്ള കുട്ടിക്കലാകാരന്മാരുടെ ശ്രദ്ധേയവും അപ്രതീക്ഷിതവുമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഇല്ലസ്ട്രേഷൻ എക്സിബിഷൻ ഷാർജ വായനോത്സവത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കഥകളിലെ ഇഷ്ട കഥാപാത്രത്തെ വരക്കാനും മനസ്സിലുള്ള കഥാപാത്രങ്ങൾക്ക് പുതുജീവൻ കൊടുക്കാനും കുട്ടികളെ സഹായിക്കുന്ന ഈ സെഷൻ കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക കഴിവുകളെ പുറത്തുകൊണ്ടുവരാൻ സഹായിക്കും.
വാചകമടിച്ചൊരു രസപാചകം
വായനോത്സവത്തിലെ മറ്റൊരു ഹൈലൈറ്റ് കുക്കറി കോർണറാണ്. അമേരിക്കയിലെ ഫ്ലോറിഡയിലെ മിയാമിയിൽനിന്നുള്ള പാചക ഇൻസ്ട്രക്ടറായ അമേരിക്കൻ ഷെഫ് ഡാരിയോ സ്റ്റീവൻ തന്റെ 'ഷെഫ് ഡി കുക്ക്സ് ദി വേൾഡ്' എന്ന പുസ്തകത്തിലെ പാചകക്കുറിപ്പുകളുമായി തത്സമയ പാചകം നടത്തി. ആഗോള പാചകരീതികളിൽ വൈദഗ്ധ്യം നേടിയ ഡാരിയോ പ്രേക്ഷകരിൽനിന്ന് ആളുകളെ വിളിക്കുകയും രസകരമായി പാചകത്തിലെ സർഗാത്മകതയെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ബ്രസീലിയൻ ബീഫ് കബാബുകൾ ഉണ്ടാക്കാനും കുട്ടികൾക്കൊപ്പം ഡാരിയോ ഉണ്ടായിരുന്നു. കുട്ടികളോടൊപ്പം നൃത്തം ചെയ്ത് രുചികരമായ വിഭവങ്ങളൊരുക്കി കുക്കിങ് കോർണർ മേളയിൽ കുട്ടികൾക്കേറ്റവും പ്രിയപ്പെട്ടതായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.