ഷാര്‍ജയിൽ കുട്ടികളുടെ വായനോത്സവം തുടങ്ങി
text_fieldsഷാര്‍ജ: ഒന്‍പതാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന് അല്‍ താവൂനിലെ എക്സ്പോസെൻററില്‍ തുടക്കമായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ ആല്‍ ഖാസിമി, ഷാര്‍ജ മീഡിയ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല്‍ ഖാസിമി വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന ശേഷം ശൈഖ് സുല്‍ത്താന്‍ പവലിയനുകള്‍ സന്ദര്‍ശിച്ചു. കുട്ടികളുടെ ചിത്ര പ്രദര്‍ശനം നടക്കുന്ന പവലിയനില്‍ എത്തിയ സുല്‍ത്താൻ വായനയുടെ മഹത്വത്തെ കുറിച്ച് കുഞ്ഞുങ്ങളെ ഉണര്‍ത്തി. പ്രദര്‍ശനങ്ങളെ കുറിച്ചും സുല്‍ത്താന്‍ വിശദമായി ചോദിച്ചറിഞ്ഞു. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ അറബ്, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വന്‍ ശേഖരമാണ് എത്തിയിരിക്കുന്നത്. 2093 പരിപാടികളാണ് 11 ദിവസങ്ങളിലായി അരങ്ങേറുക. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് 179 പ്രമുഖ അതിഥികളാണ് ഇക്കുറി എത്തിയിരിക്കുന്നത്. സാഹിത്യകാരന്മാരും ചിന്തകരും പാചകവിദഗ്ധരും പ്രഭാഷകരും വിദ്യാഭ്യാസ വിചക്ഷണരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയില്‍ നിന്ന് നന്ദിനി നായര്‍, അനുഷ്ക രവിശങ്കര്‍, സുദക്ഷിണ ശിവകുമാര്‍, പ്രഭാഷക അഫ്ഷീന്‍ പന്‍വെല്‍ക്കര്‍, ആനിമേറ്റര്‍ സകീന അലി എന്നിവരാണ് പങ്കെടുക്കുന്നത്. കുട്ടികളുമായി സംവാദം, ശില്‍പശാലകള്‍, സെമിനാറുകള്‍, ശാസ്ത്രനാഗരിക പ്രദര്‍ശനം, ബാലസാഹിത്യകൃതികള്‍ക്കു വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം, നാടകം, സംഗീതം, പാചക പരിപാടികള്‍ എന്നിവയടക്കം ആയിരത്തിലേറെ വിദ്യാഭ്യാസ, കലാസാംസ്കാരിക, വിനോദ പരിപാടികള്‍ അരങ്ങേറും. ശനി മുതല്‍ ബുധന്‍ വരെ രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുവരെയും വ്യാഴാഴ്ച രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയും വെള്ളിയാഴ്ച വൈകിട്ടു നാലുമുതല്‍ രാത്രി ഒന്‍പതുവരെയുമാണു പരിപാടി. വാഹനപാർക്കിംഗ് സൗകര്യം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.