റിയൽ എസ്റ്റേറ്റ് ഇടപാട്; ഷാർജയിൽ കരട് നിയമത്തിന് അംഗീകാരം
text_fieldsഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ലീസിങ് ഇടപാടുകൾ നിയന്ത്രിക്കുന്ന കരട് നിയമത്തിന് അംഗീകാരം നൽകി ഷാർജ കൺസൽട്ടേറ്റിവ് കൗൺസിൽ. കൗൺസിലിന്റെ ആദ്യ റെഗുലർ സെഷന്റെ ആറാമത്തെ യോഗത്തിൽ കരട് നിയമത്തിൽ നിരവധി ഭേദഗതികൾ അവതരിപ്പിച്ചതിനുശേഷമാണ് അംഗീകാരം നൽകിയത്. കൺസൽട്ടേറ്റിവ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല ബിൽഹൈഫ് അൽ നുഐമി അധ്യക്ഷത വഹിച്ച യോഗത്തിൽ, കെട്ടിട ഉടമയും വാടകക്കാരനും തമ്മിലെ ബന്ധം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നിയമത്തിന്റെ എല്ലാ വ്യവസ്ഥകളും ലക്ഷ്യങ്ങളും അംഗങ്ങൾ ചർച്ചചെയ്തു. തുടർന്നാണ് നിർദേശിച്ച മാറ്റങ്ങളോടെ കരടിന് അംഗീകാരം നൽകിയത്.
റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് നേരത്തേ എമിറേറ്റിൽ നിലവിൽ വന്ന നിയമം 17 വർഷം പഴക്കമുള്ളതാണെന്നും പുതിയ സാഹചര്യത്തിൽ ഇതിൽ മാറ്റംവരുത്തി പുതുക്കേണ്ടത് അനിവാര്യമാണെന്നും കൗൺസിലിൽ സംസാരിച്ച ഷാർജ സർക്കാർ നിയമവകുപ്പ് മേധാവി ഡോ. മൻസൂർ മുഹമ്മദ് ബിൻ നാസർ പറഞ്ഞു. കരട് നിയമനിർമാണം പൂർത്തിയാക്കുന്നതിൽ കൗൺസിൽ വഹിച്ച പങ്കിനെ പ്രസംഗത്തിൽ പ്രശംസിച്ച അദ്ദേഹം, റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെ വിൽപനയും വാങ്ങലുമടക്കം എല്ലാ ഇടപാടുകളെയും നിയന്ത്രിക്കുന്ന ശക്തമായ നിയമമാണ് രൂപപ്പെടുത്തിയതെന്ന് വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ് ലീസിങ് സംബന്ധിച്ച കരട് നിയമം എമിറേറ്റിലെ ടൂറിസം, നിക്ഷേപം, പാർപ്പിട ആകർഷണം എന്നിവ വർധിപ്പിക്കുന്ന ചട്ടങ്ങൾ അടങ്ങിയതാണെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ കസ്റ്റമർ സർവിസ് ഡയറക്ടർ ഖാലിദ് ഫലാഹ് അൽ സുവൈദിയും പ്രസ്താവിച്ചു. കരട് നിയമത്തിലെ പദപ്രയോഗങ്ങൾ സമൂഹത്തിന്റെ ജീവിത സാഹചര്യത്തെ സ്പർശിക്കുന്നതായും ഷാർജ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിനും ആവശ്യത്തിനും അനുസരിച്ചുള്ളതാണെന്നും അൽ സുവൈദി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.