കോടികൾ വെട്ടിച്ച റിയൽ എസ്റ്റേറ്റ് കേസ് : ദുബൈ ഭരണാധികാരിയുടെ കോടതിയിൽ തീർപ്പാക്കി
text_fieldsദുബൈ: ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പദവി ദുരുപയോഗം ചെയ്ത് തട്ടിയെടുത്ത ജീവനക്കാർക്കെതിരെ റിയൽ എസ്റ്റേറ്റ് സ്ഥാപനം നൽകിയ കേസ് ദുബൈ ഭരണാധികാരിയുടെ കോടതി തീർപ്പാക്കി. 15 കോടി ദിർഹമാണ് മൂന്ന് ജീവനക്കാർ രാജ്യത്തിനു പുറത്തുള്ള ചിലരുമായി ഒത്തുചേർന്ന് വെട്ടിച്ചത്.
വിപണിവിലയേക്കാൾ കുറച്ച് ഉപഭോക്താക്കൾക്ക് ഭൂമി വിൽക്കാനുള്ള അനുമതി ദുരുപയോഗം ചെയ്താണ് മൂവർ സംഘം തട്ടിപ്പു നടത്തിയത്. പ്ലോട്ടുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച ഉപഭോക്താക്കളോട് അവ മറ്റൊരാൾ ബുക്കു ചെയ്തെന്നും ഇനി വാങ്ങണമെന്നുണ്ടെങ്കിൽ ആ വ്യക്തിക്കോ അദ്ദേഹത്തിെൻറ കമ്പനിയിലേക്കോ പണമടക്കണമെന്നും ധരിപ്പിച്ചു.
ഇത്തരത്തിൽ പദവി ദുരുപയോഗവും പണം വഴിമാറ്റലും നടന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് ഭരണാധികാരിയുടെ കോടതി വിഷയം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നുവെന്ന് കോടതിയിലെ പരാതി പരിഹാര വകുപ്പ് ഡയറക്ടർ ഹാഷിം സലീം അൽ ഖിവാനി പറഞ്ഞു. മേൽനോട്ടം വഹിക്കാൻ ആരെയും നിയോഗിക്കാതെ ജീവനക്കാർക്ക് പൂർണ അധികാരം നൽകിയതാണ് പ്രശ്നത്തിലേക്ക് വഴി തെളിയിച്ചത് എന്നാണ് സമിതിയുടെ പ്രാഥമിക നിഗമനം.
പണം നൽകിയ ശേഷം താൻ വഞ്ചിക്കപ്പെട്ടുവെന്ന ഉപഭോക്താവിെൻറ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. സംഭവം വിശദമായി അന്വേഷിച്ച പ്രത്യേക സമിതി ജീവനക്കാർ തങ്ങളുടെയും കൂട്ടാളികളുടെയും അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് ദിർഹം സമാഹരിച്ചതായി കണ്ടെത്തി. മുൻകൂർ മറ്റാരും പ്ലോട്ടുകൾ ബുക്ക് ചെയ്തിരുന്നില്ല. ഭൂമി കൈമാറ്റം ചെയ്തതായി കാണിച്ച് അവതരിപ്പിച്ച രേഖകളെല്ലാം വ്യാജമായിരുന്നു. പ്രതികൾ അവിഹിതമായി സംഘടിപ്പിച്ച പണം മുഴുവൻ തിരിച്ചു നൽകാനാണ് കോടതിയുടെ തീർപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.