റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നടപടിക്രമത്തിൽ എളുപ്പം
text_fieldsദുബൈ: എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമം എളുപ്പമാക്കി. വസ്തുക്കൾ വാങ്ങുമ്പോൾ 10ലക്ഷം ദിർഹം ഡൗൺ പേമെന്റ(തുടക്കത്തിൽ നൽകുന്ന തുക) നൽകിയിരിക്കണമെന്ന മാനദണ്ഡമാണ് ഒഴിവാക്കിയത്. ഇതോടെ നിരവധി റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസക്ക് വഴി തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 20ലക്ഷം ദിർഹമിൽ കൂടുതൽ മൂല്യമുള്ള വസ്തുവാണെങ്കിൽ പ്രാഥമികമായി അടച്ച തുക എത്രയെന്ന് പരിഗണിക്കാതെ 10 വർഷ വിസക്ക് അപേക്ഷിക്കാമെന്നാണ് വിവിധ കൺസൽട്ടൻസികൾ വ്യക്തമാക്കുന്നത്.
ദുബൈയിൽ വീടുകൾക്കും മറ്റും ആദ്യത്തെ ഡൗൺ പേമെന്റിനുശേഷം പ്രതിമാസം ഒരുശതമാനം മുതൽ അഞ്ച് വരെ നൽകുന്ന രീതിയിൽ 25 വർഷം വരെയുള്ള സ്കീമുകളാണ് നിലവിലുള്ളത്. ദുബൈയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി റിയൽ എസ്റ്റേറ്റ് നിരക്കുകൾ വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും വില്ലകളുടെയും അപ്പാർട്മെന്റുകളുടെയും വിലയിൽ വലിയ വർധനവാണുണ്ടായത്. ഈ സാഹചര്യത്തിൽ ഗോൾഡൻ വിസ അപേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികവ് പുലർത്തുന്ന വിദ്യാർഥികൾ, ആരോഗ്യ രംഗത്തെ വിദഗ്ധർ, ജീവകാരുണ്യ മേഖലയിലെ പ്രമുഖർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന ഗോൾഡൻ വിസക്ക് നിരവധി അപേക്ഷകരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.