റോഡിൽ അഭ്യാസ പ്രകടനം; ദുബൈയിൽ ഡ്രൈവർ അറസ്റ്റിൽ
text_fieldsദുബൈ: അപകടകരമായ രീതിയിൽ റോഡിൽ അഭ്യാസ പ്രകടനം നടത്തിയ കാർ ഡ്രൈവറെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. ദുബൈയിലെ ഒരു റൗണ്ട് എബൗട്ടിന് സമീപത്തുവെച്ച് ഇയാൾ കാർ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടർ ബ്രിജ് ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു.
സംഭവത്തിൽ വാഹനം പിടിച്ചെടുത്ത പൊലീസ് അരലക്ഷം ദിർഹം പിഴചുമത്തുകയും ചെയ്തു. വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുന്നത് യു.എ.ഇയിലെ ഫെഡറൽ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. വാഹനം ചുവപ്പ് സിഗ്നൽ മറികടന്ന് പോയാലും വാഹനം പിടിച്ചെടുക്കും. ഈ വാഹനം തിരിച്ചു കിട്ടാൻ അരലക്ഷം ദിർഹം പിഴ അടക്കേണ്ടി വരും.
ഒരു വർഷത്തിനിടെ കുറ്റകൃത്യം ആവർത്തിച്ചാൽ വാഹനം തിരികെ ലഭിക്കാൻ രണ്ട് ലക്ഷം ദിർഹം പിഴ ഈടാക്കും. ഡ്രൈവർമാർ ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അപകടകരമായ ഇത്തരം സംഭവങ്ങൾ പൊലീസ് ആപ്പിലോ 901 എന്ന നമ്പറിലോ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.