അലക്ഷ്യമായ ഡ്രൈവിങ്: ഡ്രൈവര്‍മാരെ ബോധവത്കരിച്ച് പൊലീസ്
text_fieldsഅബൂദബി: ടാക്സി ഡ്രൈവര്‍മാര്‍ക്കും ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ക്കും അലക്ഷ്യ ഡ്രൈവിങ്ങിന്റെ അപകടത്തെക്കുറിച്ച് അബൂദബി പൊലീസ് ബോധവത്കരണം നടത്തി. ഗതാഗതനിയമങ്ങള്‍ ലംഘിക്കരുതെന്നും പൊലീസ്, ഡ്രൈവര്‍മാരെ ഓര്‍മപ്പെടുത്തി. അബൂദബി പൊലീസും സംയോജിത ഗതാഗത കേന്ദ്രവും സംയുക്തമായാണ് ബോധവത്കരണം സംഘടിപ്പിച്ചത്. ഇമാറാത്തിലെ റോഡുകളില്‍ ഡ്രൈവര്‍മാരിലും റൈഡര്‍മാരിലും സുരക്ഷിത ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
അറബിക്, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലായി നടത്തിയ ബോധവത്കരണത്തില്‍, തലബാത്ത്, ഡെലിവെറൂ, അമേരിക്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു. അല്‍ഐന്‍ ട്രാഫിക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ സെയിഫ് മുഹമ്മദ് അല്‍ അമീരി, പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മേജര്‍ ഖാലിദ് അല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. സുരക്ഷിത വേനല്‍ കാമ്പയിന്റെ ഭാഗമായി വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ബോധവത്കരണവും അബൂദബി പൊലീസ് നടത്തിയിരുന്നു.
ടയറുകളുടെ നിര്‍മാണ തീയതി, അവയുടെ കാലാവധി, കാലാവധി കഴിഞ്ഞാല്‍ ടയറുകള്‍ മാറ്റേണ്ടതിന്റെ അനിവാര്യത, വാങ്ങുന്നതിനുമുമ്പ് ടയറുകള്‍ സൂക്ഷിച്ചിരുന്ന കണ്ടീഷന്‍ മുതലായവ സംബന്ധിച്ചാണ് ബോധവത്കരിച്ചത്. എമിറേറ്റില്‍ മോശം ടയറുകളുള്ള വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തുമെന്നും വാഹനം ഏഴ് ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും ഗതാഗത നിയമത്തിലെ 82ാം ആര്‍ട്ടിക്കിള്‍ വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.