റെക്കോർഡ് ബ്രേക്കർ സേറ
text_fieldsനീൽ ആം സ്ട്രോങ്ങിനെയല്ലാതെ ചന്ദ്രനിലെത്തിയ എത്രപേരെ നിങ്ങൾക്കറിയാം. ജൂറാസിക് പാർക്കിനപ്പുറത്തെ ഡൈനോസറുകളുടെ ലോകത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഈജിപ്തിലെ മമ്മികളുടെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാവുന്ന എത്രപേരുണ്ട്. പക്ഷെ, അഞ്ച് വയസുകാരി സേറ മരിയ ചാരിറ്റിന് ഇതെല്ലാം മനപാഠമാണ്. മുതിർന്നവർക്ക് പോലും അറിയാത്ത ലോകത്തെക്കുറിച്ച് ഓർത്തെടുത്ത് സേറ നേടിയത് മൂന്ന് റെക്കോഡുകൾ. ഏഷ്യ ബുക്സ് ഓഫ് റെക്കോഡ്സ്, അറേബ്യൻ വേൾഡ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിലാണ് ഒറ്റ മാസത്തിനിടെ ഈ കൊച്ചുമിടുക്കി ഇടംപിടിച്ചത്. ഗിന്നസ് ബുക്കിൽ ഇടംനേടാനുള്ള കാത്തിരിപ്പിലാണിപ്പോൾ.
ഏഷ്യ, ഇന്ത്യ റെക്കോഡ് ബുക്കിൽ മൂന്ന് തവണയാണ് സേറയുടെ പേരെഴുതി ചേർത്തത്. ചന്ദ്രനിലിറങ്ങിയ ബഹിരാകാശ യാത്രികൻമാരുടെ പേരുകൾ വർഷം സഹിതം 46 സെക്കൻഡിനുള്ളിൽ പറഞ്ഞ് തീർത്താണ് ആദ്യ റെക്കോഡിട്ടത്. ഒരുമിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഡൈനോസറുകളുെട പേരുകൾ ഓർത്തെടുത്തതിനും കിട്ടി മറ്റൊരു റെക്കോഡ്. 60 സെക്കൻഡിനിടെ 59 ഡൈനോസറുകളാണ് ഈ മിടുക്കിയുടെ ഓർമകളിൽ മിന്നിമാഞ്ഞത്. ഇതിനാണ് അറേബ്യൻ വേൾഡ് റെക്കോഡ് ലഭിച്ചത്. ഫോസിലുകളുടെ ചിത്രം നോക്കി ഏത് ഡൈനോസറാണെന്ന് തിരിച്ചറിഞ്ഞതിനാണ് മൂന്നാമത്തെ െറക്കോഡ്. 2.20 മിനിറ്റിൽ 72 ഡൈനോസറുകളെ ഫോസിലുകൾ നോക്കി തിരിച്ചറിഞ്ഞു.
അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ ഈ ഗ്രേഡ് വൺ വിദ്യാർഥിക്ക് കളിപ്പാവകളുമായി കൂട്ടുകൂടേണ്ട രണ്ടാം വയസിൽ ഭൂപടവും േഗ്ലാബുമെല്ലാമായിരുന്നു കൂട്ടിന്. ഭൂപടത്തിൽ നോക്കി രാജ്യങ്ങളുടെയും രാഷ്ട്രതലവൻമാരുടെയും പേരും സ്ഥാനമാനങ്ങളുമെല്ലാം പറഞ്ഞ് അധ്യാപകരെ പോലും ഞെട്ടിച്ചു. എട്ടാം മാസം മുതൽ അത്യാവശ്യം സംസാരിച്ച് തുടങ്ങിയിരുന്നതായി ആയുർവേദ ഡോക്ടറായ അമ്മ ആൽഫി മൈക്കിൾ പറയുന്നു. 'കുഞ്ഞായിരുന്നപ്പോൾ ഉറങ്ങാൻ മടിയായിരുന്നു.
രാത്രി മുഴുവൻ കണ്ണ് തുറന്നിരിക്കും. ഈ സമയം പുസ്തകങ്ങളായിരുന്നു കൂട്ട്. ഒരു തവണ പറഞ്ഞുകൊടുത്താൽ മതി, അവൾ ഏറ്റ് പറയും. പിന്നീട് എപ്പോൾ ചോദിച്ചാലും കൃത്യമായ ഉത്തരം കിട്ടും. അഞ്ചാം വയസിലെത്തിയപ്പോഴും പുസ്തക വായന തന്നെയാണ് ഇഷ്ട ഹോബി. നാഷനൽ ജിയോഗ്രഫിക്കിലെ സൈൻറിഫിക് പാഠങ്ങളും മമ്മികളെ കുറിച്ചുള്ള പഠനങ്ങളുമെല്ലാമാണ് അവൾ വായിച്ചുതീർക്കുന്നത്. പറഞ്ഞ് നിർബന്ധിച്ച് ഒന്നും ചെയ്യിക്കാറില്ല. എല്ലാം സ്വയമേ ചെയ്യുന്നതാണ്-ആൽഫി പറയുന്നു. വയനാട് പുൽപള്ളി സ്വദേശി ജോജോ ചാരിറ്റാണ് പിതാവ്.
രണ്ടര വയസുള്ളപ്പോൾ 110 രാജ്യങ്ങളുടെ പേരും തലസ്ഥാനവും ഓർത്തെടുത്തിരുന്നു. നാലാം വയസിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ പേരും ഇന്ത്യയുടെ പ്രസിഡൻറുമാരെയും പ്രധാനമന്ത്രിമാരെയും യു.എൻ സെക്രട്ടറി ജനറൽമാരെയും എണ്ണിയെണ്ണി പറഞ്ഞു. യു.എ.ഇ ആദ്യമായി ബഹിരാകാശ യാത്രികനെ അയച്ചപ്പോഴാണ് സേറയുടെ കമ്പം ബഹിരാകാശത്തേക്ക് കുതിച്ചത്. ശിലാവശിഷ്ട ശാസ്ത്രത്തെ (പാലീേൻറാളജി) കുറിച്ചാണ് ഇപ്പോൾ പഠനം. സ്വയം തെരഞ്ഞെടുത്തതാണ്. അവളെ നിർബന്ധിക്കാനോ വിലക്കാനോ ജോേജായും ആൽഫിയും മെനക്കെടാറില്ല.
ഗൂഗ്ളിൽ തെരഞ്ഞുപിടിച്ച് എല്ലാം സ്വയം പഠിക്കും. നാലര വയസ്മുതൽ ഡൈനോസറുകളുടെയും ബഹിരാകാശ യാത്രികരുടെയും പേരുകൾ പറയുമായിരുന്നു. എന്നാൽ, ലോക്ഡൗൺ കാലത്താണ് ബുക്സ് ഓഫ് റെക്കോഡിന് വേണ്ടി ശ്രമിക്കാമെന്ന് കരുതിയത്. മകളുടെ ഓർമശക്തിയിലും നേട്ടങ്ങളിലും സന്തുഷ്ടരാണെങ്കിലും ചെറിയൊരു ആശങ്കയുമുണ്ട് ജോജോക്കും ആൽഫിക്കും. ഉറക്കമില്ലാത്തതാണ് പ്രധാന പ്രശ്നം. ഡോക്ടറെ കാണിച്ചിരുന്നെങ്കിലൂം കാര്യമാക്കേണ്ടതില്ലെന്നാണ് അവരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.