റെക്കോഡിട്ട് ലുലു ഐ.പി.ഒ; സമാഹരിച്ചത് മൂന്നുലക്ഷം കോടി രൂപ
text_fieldsദുബൈ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) എന്ന റെക്കോഡിട്ട് ലുലു റീട്ടെയിൽ. 15,000 കോടി രൂപ പ്രതീക്ഷിച്ച് നടത്തിയ ഓഹരി വിപണനത്തിലൂടെ സമാഹരിക്കപ്പെട്ടത് മൂന്നു ലക്ഷം കോടി രൂപ. 25 ഇരട്ടി അധികം വിൽപനയാണ് രേഖപ്പെടുത്തിയത്.
അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നിക്ഷേപ പങ്കാളിത്തമാണിതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. നവംബർ അഞ്ചിന് വിൽപന അവസാനിച്ചതോടെ 82,000 നിക്ഷേപകർ ലുലു ഓഹരി സ്വന്തമാക്കിയതായി വാർത്തസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. 2.04 ദിർഹമാണ് ഓഹരിയുടെ അന്തിമ വില.
അബൂദബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പി.ഐ.എഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജി.സി.സി രാജകുടുംബങ്ങൾ, ജി.സി.സി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും നിക്ഷേപത്തിൽ പങ്കെടുത്തു.
ഓഹരി വിൽപന ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോഡ് പ്രതികരണമാണ് ലുലു ഓഹരികൾക്ക് ലഭിച്ചത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25 ശതമാനത്തിൽ നിന്ന് ലിസ്റ്റിൽ 30 ശതമാനമായി ഉയർത്തിയിരുന്നു. ഓഹരി നിക്ഷേപ രംഗത്തേക്ക് കൂടുതൽ പുതിയ നിക്ഷേപകരെ കൊണ്ടുവരാൻ ലുലു ഐ.പി.ഒ വഴിവെച്ചുവെന്നത് ഏറെ അഭിമാനകരമാണെന്ന് എം.എ. യൂസുഫലി പറഞ്ഞു. ജി.സി.സിയിലും ഇന്ത്യയിലുമായി വിപുലമായ വികസന പദ്ധതികളും ലുലുവിനുണ്ട്.
പുണ്യനഗരമായ മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകൾ അടക്കം ജി.സി.സിയിൽ വലിയ വികസന പദ്ധതികൾ യാഥാർഥ്യമാക്കും. കോട്ടയം, കൊല്ലം അടക്കം കേരളത്തിലെ വിവിധ ജില്ലകളിലായി മികച്ച റീട്ടെയിൽ പദ്ധതികളാണ് ഒരുങ്ങുന്നത്. അഹ്മദാബാദിൽ പുതിയ ഷോപ്പിങ് മാൾ, തിരുപ്പതി, ഗുരുഗ്രാം, ചെന്നൈ, കർണാടക എന്നിവിടങ്ങളിലായി മാളുകളും ഹൈപ്പർമാർക്കറ്റുകളും നിർമിക്കും.
ഗ്രേയ്റ്റർ നോയിഡ, ശ്രീനഗർ എന്നിവിടങ്ങളിലടക്കം പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും തുറക്കും. കൂടാതെ 32 നിലകളിലായി ഒരുങ്ങിയിരിക്കുന്ന കൊച്ചിയിലെ ട്വിൻ ടവർ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഐ.ടി ടവറാകും. 25000 ഐ.ടി പ്രഫഷനലുകൾക്കാണ് ലുലു ട്വിൻ ടവറിലൂടെ തൊഴിൽ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.