ചുവപ്പ് സിഗ്നൽ ശ്രദ്ധിച്ചില്ല;ഏഴു മാസത്തിൽ 51 അപകടം
text_fieldsദുബൈ: റോഡിൽ ചുവപ്പ് സിഗ്നൽ ശ്രദ്ധിക്കാതെ വാഹനമോടിച്ചതു മൂലം എമിറേറ്റിൽ കഴിഞ്ഞ ഏഴു മാസത്തിൽ 51 അപകടങ്ങളുണ്ടായതായി ദുബൈ പൊലീസ്. ഏറ്റവും അപകടകരമായ ട്രാഫിക് നിയമലംഘനമാണ് റെഡ് സിഗ്നൽ മറികടക്കുന്നതെന്നും മരണത്തിനും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്നതാണിതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരം അപകടങ്ങളിലായി രണ്ടുപേർ മരിക്കുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. പരിക്കേറ്റവരിൽ ആറുപേർക്ക് അതിഗുരുതര പരിക്ക്, 22 പേർക്ക് അപകടനില തരണംചെയ്ത പരിക്ക്, 45 പേർക്ക് ചെറിയ പരിക്ക് എന്നിവയാണുണ്ടായത്. ആകെ 855 വാഹനങ്ങൾ സിഗ്നൽ ലംഘനത്തിന്റെ പേരിൽ ഏഴു മാസത്തിനിടെ പിടിച്ചെടുത്തിട്ടുണ്ട്. അതോടൊപ്പം ആകെ 13,876 നിയമലംഘനങ്ങൾ ചുവപ്പ് സിഗ്നൽ ലംഘനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മഞ്ഞ സിഗ്നൽ കത്തുന്ന സമയത്ത് വേഗംകൂട്ടി വേഗത്തിൽ കടന്നുപോകാൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ജങ്ഷനുകളിൽ എത്തുമ്പോൾ വേഗം കുറച്ച് ജാഗ്രത പാലിക്കണമെന്ന നിയമം പലപ്പോഴും ശ്രദ്ധിക്കുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യു.എ.ഇ ഫെഡറൽ നിയമമനുസരിച്ച് ചുവപ്പ് സിഗ്നൽ ലംഘിച്ചാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയൻറും 30 ദിവസം വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. അതോടൊപ്പം ദുബൈ എമിറേറ്റിലെ പ്രത്യേക നിയമപ്രകാരം 50,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും വരെ ശിക്ഷ ലഭിക്കാനും വകുപ്പുണ്ട്. റോഡ് യാത്രികരുടെ സുരക്ഷക്കും മികച്ച ട്രാഫിക് സംവിധാനം ഉറപ്പുവരുത്തുന്നതിനും ദുബൈ പൊലീസ് എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.