ഉപ്പ് ഉപയോഗം കുറക്കണം; ആരോഗ്യ ജാഗ്രതക്ക് കാമ്പയിൻ
text_fieldsദുബൈ: ഓരോ ദിവസവും ശരീരത്തിലെത്തുന്ന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമിൽ കുറവാണെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയം ആരംഭിച്ച ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതലായി ഉപ്പ് ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങൾ ബോധവത്കരിക്കുന്നതിനായി ഏഴ് ദിവസത്തെ കാമ്പയിനാണ് സംഘടിപ്പിക്കുന്നത്.
ഉപ്പിനു പകരം ആരോഗ്യകരമായ ബദലുകൾ ഉപയോഗിക്കുന്നതും ഉൽപന്നങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കി ഭക്ഷണ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതും കാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നു. പല ഭക്ഷ്യ ഉൽപന്നങ്ങളിലും ഒളിഞ്ഞിരിക്കുന്ന ലവണാംശത്തിന്റെ അപകടങ്ങളെക്കുറിച്ചും അമിതമായ ഉപ്പ് കഴിക്കുന്നതിന്റെ ആരോഗ്യപ്രശ്നങ്ങളായ ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, രക്തചംക്രമണ പ്രശ്നങ്ങൾ, പക്ഷാഘാതം എന്നിവ സംബന്ധിച്ചും കാമ്പയിൻ വിശദീകരിക്കുന്നുണ്ട്.
മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണത്തിൽ ഉപ്പ് കുറക്കുന്നതിന്റെ പ്രാധാന്യം ബോധവത്കരിക്കുകയാണ് കാമ്പയിൻ ലക്ഷ്യം. അമിതമായ സോഡിയം ഉപഭോഗം ഉയർന്ന രക്തസമ്മർദമുണ്ടാക്കുകയും ഇത് ഹൃദ്രോഗം, വയറ്റിലെ കാൻസർ, പൊണ്ണത്തടി, ഓസ്റ്റിയോപൊറോസിസ്, കിഡ്നി രോഗങ്ങൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് കാമ്പയിനിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കിയ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
യു.എ.ഇയിലെ ശരാശരി ഉപ്പ് ഉപഭോഗം ആരോഗ്യ വിദഗ്ധർ ശിപാർശ ചെയ്യുന്ന പരിധി കവിയുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംസ്കരിച്ച ഭക്ഷണങ്ങൾ, പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കൽ, പാചക രീതികൾ എന്നിവയാണ് അമിത ഉപഭോഗത്തിന് കാരണമാകുന്നത്.
കുറഞ്ഞ ഉപ്പ് ഉപയോഗിച്ച് ആരോഗ്യകരമായ വിഭവങ്ങൾ തയാറാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സമൂഹത്തിലെ അംഗങ്ങൾക്കുവേണ്ടി വിഡിയോകൾ കാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, സമൂഹത്തിൽ ആരോഗ്യ സംസ്കാരം വളർത്തിയെടുക്കുന്നതിന് സോഷ്യൽ മീഡിയ ക്വിസുകളും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.