റോഡിൽ യാത്രാസമയം കുറഞ്ഞു; വാഹനശേഷി വർധിച്ചു
text_fieldsദുബൈ: അതിവേഗം വളരുന്ന ദുബൈ നഗരത്തിന്റെ ഗതാഗതരംഗം മികച്ചതാക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പദ്ധതികൾ. കഴിഞ്ഞ വർഷം എമിറേറ്റിലെ 14 സ്ഥലങ്ങളിൽ ഗതാഗത വികസന പദ്ധതികൾ പൂർത്തീകരിച്ചതായി അധികൃതർ വെളിപ്പെടുത്തി. ചില സ്ഥലങ്ങളിൽ 60ശതമാനം വരെ യാത്രാസമയം കുറയുകയും 25ശതമാനം വരെ റോഡുകൾക്ക് ഉൾക്കൊള്ളാവുന്ന വാഹനശേഷി വർധിക്കുകയും ചെയ്തു. ആർ.ടി.എയുടെ അതിവേഗ ഗതാഗത വിപുലീകരണപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എമിറേറ്റിൽ വികസന പ്രവർത്തനങ്ങൾ നടന്നത്. 2023-24 വർഷത്തിൽ 45 ഗതാഗതപദ്ധതികൾ നടപ്പാക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
എമിറേറ്റിലെ ജനസംഖ്യ വർധനവും നഗരവത്കരണവും വർധിക്കുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമാണ് ആർ.ടി.എ പദ്ധതികളെന്ന് ട്രാഫിക് ആൻഡ് റോഡ് ഏജൻസി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അൽ അലി പറഞ്ഞു. ദുബൈയുടെ സുസ്ഥിരവികസനത്തിനനുസരിച്ചുള്ള റോഡ് വികസനമാണ് ലക്ഷ്യമിടുന്നത്. ഇതുമൂലം ജീവിക്കാൻ മികച്ച നഗരക്കുന്നതിനൊപ്പം താമസക്കാരുടെ സന്തോഷം ഉറപ്പുവരുത്തുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ ഖൈൽ റോഡിലേക്കുള്ള അൽ അസായിൽ സ്ട്രീറ്റിൽനിന്ന് ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിലേക്കുള്ള ഫ്രീ റൈറ്റ് എക്സിറ്റ് നവീകരണം കഴിഞ്ഞ വർഷം നടന്ന പ്രധാന വികസനമാണ്. ഈ പരിഷ്ക്കരണം എക്സിറ്റിന്റെ ശേഷി ഇരട്ടിയാക്കുകയും ട്രാഫിക് ഫ്ലോ വർധിപ്പിക്കുകയും ബിസിനസ് ബേ ഏരിയയിൽനിന്ന് ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 5 മിനിറ്റിൽനിന്ന് ഒരുമിനിറ്റായി കുറക്കുകയും ചെയ്തു. സമാനമായി അൽ ഫായ് സ്ട്രീറ്റ് നവീകരണം, അൽ-സബ സ്ട്രീറ്റിൽനിന്ന് ദുബൈ മറീനയുടെ ദിശയിൽ ഗർന് അൽ സബ്ഖ സ്ട്രീറ്റിലേക്ക് ഫ്രീ എക്സിറ്റ് ഏർപ്പെടുത്തിയത് എന്നിവയും 2023ലെ വികസനപദ്ധതികളിൽ ഉൾപ്പെടും. പുതുവർഷത്തിലും പദ്ധതികൾ ഇടതടവില്ലാതെ മുന്നോട്ടുപോകുമെന്നും എമിറേറ്റിലെ 31സ്ഥലങ്ങളിൽ ട്രാഫിക് മെച്ചപ്പെടുത്താനാണ് 2024ൽ ലക്ഷ്യംവെക്കുന്നതെന്നും അധികൃതർ വെളിപ്പെടുത്തി. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ അവീർ സ്ട്രീറ്റ്, അബൂബക്കർ അൽ സിദ്ദീഖ് സ്ട്രീറ്റ്, അൽ റിബാത്ത് സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ് എന്നിവയാണ് ഈ വർഷം വികസനപദ്ധതി നടപ്പാക്കുന്ന പ്രധാന സ്ഥലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.