ദുബൈ ഫിറ്റ്നസ് ചലഞ്ചിന് രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsദുബൈ: ഒരു മാസ നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാമത് എഡിഷനിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 26 മുതൽ നവംബർ 24 വരെയാണ് ഫിറ്റ്നസ് ചലഞ്ച്. സ്വദേശികൾക്കും വിദേശികൾക്കും ചലഞ്ചിൽ പങ്കെടുക്കാം. dubaifitnesschallenge.com എന്ന വെബ്ലിങ്കിൽ പ്രവേശിച്ചാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്.
ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ ആണ് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. ഒരു മാസം നീണ്ടു നിൽക്കുന്ന 30 മിനിറ്റ് വ്യായാമത്തിന് സമയം ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്.
നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും. കൂടാതെ ദുബൈ റൺ, ദുബൈ റൈഡ് എന്നിവയും സംരംഭത്തിന്റെ ഭാഗമായി നടക്കും. ലോകത്ത് ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന ദുബൈ റൺ ഏറെ പ്രശസ്തമാണ്. ഭരണാധികാരികൾ ഉൾപ്പെടെ പ്രമുഖരാണ് ദുബൈ റണ്ണിൽ പങ്കെടുക്കാറ്.
ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞവർഷത്തിനേക്കാൾ ഇത്തവണ ആളുകളുടെ പങ്കാളിത്തം ഉയരുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.