റിഹേഴ്സൽ കഴിഞ്ഞു; പറക്കാനൊരുങ്ങി നിയാദി
text_fieldsദുബൈ: ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയുടെ അവസാന റിഹേഴ്സൽ പൂർത്തിയായി. നിയാദിയെ വഹിക്കുന്ന റോക്കറ്റിന്റെ പരിശോധനയും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
ഫാൽക്കൺ 9 റോക്കറ്റിന്റെയും നാല് യാത്രികരുടെയും റിഹേഴ്സലും പരിശോധനയുമാണ് പൂർത്തിയാക്കിയത്. 27നാണ് യു.എ.ഇയുടെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രക്കാരനാകാൻ നിയാദി കുതിക്കുന്നത്. േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിലാണ് റിഹേഴ്സലും പരിശോധനയും നടന്നത്. ഇവിടെ നിന്നാണ് നിയാദിയുടെ സംഘം കുതിക്കുന്നത്. നേരത്തേ 26നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ 27ലേക്ക് മാറ്റുകയായിരുന്നു. നിലവിലെ അവസ്ഥയിൽ 27ന് 95 ശതമാനവും അനുകൂല കാലാവസ്ഥയാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കാലാവസ്ഥ മാറിയാൽ 28, മാർച്ച് 2, 3, 4 തീയതികളിലാണ് സാധ്യത കൽപിക്കുന്നത്.
200ഓളം പരീക്ഷണങ്ങളും പഠനങ്ങളുമാണ് നിയാദിയെ കാത്തിരിക്കുന്നത്. വിക്ഷേപണം വിവിധ സമൂഹ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണംചെയ്യും. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ പ്രത്യേക സ്ക്രീനിങ്ങുമുണ്ടാവും. നിയാദിക്ക് പുറമെ നാസയുടെ സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, റഷ്യയുടെ ആന്ദ്രേ ഫെദ്യാവേവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പറക്കുന്നത്. ആറ് മാസത്തിന് ശേഷമായിരിക്കും മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.