വിസ നിയമലംഘകർക്ക് ഇളവ്; നാട്ടിലേക്ക് മടങ്ങിയാൽ തിരിച്ചുവരാൻ തടസ്സമില്ല
text_fieldsഷാർജ: യു.എ.ഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ വിസ നിയമലംഘകർക്കുള്ള ഇളവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് നിയമാനുസൃതമായി തിരിച്ചുവരാൻ തടസ്സമില്ലെന്ന് അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അധികൃതരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഷാർജ ഇന്ത്യൻ അസോസിയേഷൻ (ഐ.എ.എസ്) വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ യു.എ.ഇ സർക്കാർ പ്രഖ്യാപനത്തിന്റെ സാധ്യതകളും നടപടിക്രമങ്ങളും ചർച്ചയായി.
വിസിറ്റ് വിസയിലും താമസവിസയിലും രാജ്യത്തെത്തി കാലാവധി കഴിഞ്ഞശേഷവും ഇവിടെ തുടരുന്ന എല്ലാവർക്കും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഇളവ് ഉപയോഗപ്പെടുത്തി പിഴയില്ലാതെ സ്വരാജ്യത്തേക്ക് മടങ്ങാമെന്നും അധികൃതർ അറിയിച്ചതായി ഇന്ത്യൻ അസോസിയേഷൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.
സെപ്റ്റംബർ ഒന്നുമുതൽ ഇമിഗ്രേഷൻ വകുപ്പിന്റെ അംഗീകാരമുള്ള എല്ലാ ടൈപ്പിങ് സെന്ററുകളിൽനിന്നും വിസ നിയമലംഘകർക്കുള്ള ഇളവ് ലഭിക്കാനുള്ള അപേക്ഷാ ഫോറം ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഏതെങ്കിലും കേസുള്ളവർക്ക് ഇളവ് ലഭിക്കണമെങ്കിൽ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെട്ട് കേസ് തീർപ്പാക്കേണ്ടതുമുണ്ട്.
വരുവർഷങ്ങളിൽ യു.എ.ഇയിൽ പുതിയ ജോലി സാധ്യതകളുണ്ടെന്നും ഈ അസുലഭാവസരം ഉപയോഗപ്പെടുത്താൻ രാജ്യത്ത് തുടരുന്നതിന് യു.എ.ഇ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതായും അധികൃതർ പറഞ്ഞു. യു.എ.ഇ ഉദ്യോഗസ്ഥരെയും ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങളെയും പങ്കെടുപ്പിച്ച് സെപ്റ്റംബർ ആദ്യവാരത്തിൽ ആവശ്യമെങ്കിൽ പ്രത്യേക യോഗം വിളിച്ചുകൂട്ടുന്നതിന് നേതൃത്വം നൽകുമെന്നും അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
വിസ നിയമലംഘകർക്കുള്ള ഇളവ് ഉപയോഗപ്പെടുത്താൻ പൊതുജനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര വാർത്തക്കുറിപ്പിൽ അറിയിച്ചു. ഐ.സി.പി ഉന്നത ഉദ്യോഗസ്ഥരായ ഡോ. ഉമർ അൽ ഉവൈസ്, മേജർ ജനറൽ അസീം സുവൈദി എന്നിവരുമായാണ് നിസാർ തളങ്കര കൂടിക്കാഴ്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.