ഇന്ത്യൻ തടവുകാരുടെ മോചനം; സന്തോഷ വാർത്ത ഉടൻ -മന്ത്രി മുരളീധരൻ
text_fieldsദുബൈ: ഇന്ത്യൻ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനുള്ളിൽ സന്തോഷ വാർത്തയുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ദുബൈയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഈ വിഷയത്തിൽ യു.എ.ഇ നീതിന്യായ മന്ത്രിയുമായും സഹിഷ്ണുത മന്ത്രിയുമായും ചർച്ച നടത്തി. യു.എ.ഇയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. സാമ്പത്തിക കേസുകളിലും ചെറിയ കേസുകളിലും അകപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കാനാണ് ലക്ഷ്യം. മൂന്ന്- നാല് മാസത്തിനിടെ ഈ ചർച്ചയിൽ വലിയ പുരോഗതിയുണ്ടായി. യു.എ.ഇയുമായി സൗഹൃദം നിലനിർത്തി തന്നെ തൊഴിലാളികളുടെയും തടവുകാരുടെയും ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം അബൂദബിയിലെത്തിയ മന്ത്രി യു.എ.ഇ സഹിഷ്ണുത, സഹവർതിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നഹ്യാൻ, നീതിന്യായ വകുപ്പ് മന്ത്രി അബ്ദുല്ല അൽ നുഐമി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും പങ്കെടുത്തു. നീതിന്യായ രംഗത്തെ സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലും അദ്ദേഹം പങ്കെടുത്തു. അബൂദബി ബാപ്സ് ഹിന്ദു മന്ദിർ സന്ദർശിച്ച അദ്ദേഹം സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതീകമായി ക്ഷേത്രം മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.