മഴക്ക് ശമനം; മാനം തെളിഞ്ഞു
text_fieldsദുബൈ: രണ്ട് ദിവസമായി തുടരുന്ന മഴക്ക് ഞായറാഴ്ച ശമനമായതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. അസ്ഥിര കാലാവസ്ഥക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഞായറാഴ്ചയും ആകാശം മേഘാവൃതമായിരുന്നെങ്കിലും മഴയുണ്ടായില്ല.
എന്നാൽ, വടക്ക്, കിഴക്കൻ മേഖലകളിൽ നേരിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആവശ്യമായ നടപടികളെടുക്കാനും കൂടുതൽ ജാഗ്രത പുലർത്താനും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച മിന്നലോടെയുള്ള ശക്തമായ മഴയിൽ മിക്ക എമിറേറ്റിലേയും നഗരങ്ങളും റോഡുകളും വെള്ളക്കെട്ടിലായി. ഇതൊഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുനിസിപ്പാലിറ്റികൾ തുടക്കം കുറിച്ചു.
ഷാർജയിൽ കടപുഴകിയ മരങ്ങൾ സിവിൽ ഡിഫൻസ് അധികൃതർ നീക്കി. ദുബൈയിലേയും ഷാർജയിലേയും ചിലയിടങ്ങളിൽ ഷോപ്പുകളിലും മറ്റും വെള്ളം കയറിയിട്ടുണ്ട്. പാർക്കിങ് ഏരിയകളിൽ വെള്ളം നിൽക്കുന്നതിനാൽ പലർക്കും ഞായറാഴ്ചയും വാഹനങ്ങൾ എടുക്കാൻ സാധിച്ചിട്ടില്ല. മഴയുടെ സാഹചര്യത്തിൽ ഷാർജയിൽ ഞായറാഴ്ച സൗജന്യ പാർക്കിങ്ങും അധികൃതർ പ്രഖ്യാപിച്ചിരുന്നു.
അതിശക്തമായ മഴക്ക് ശമനമായെങ്കിലും റോഡുകളിലും നഗരങ്ങളിലും വെള്ളക്കെട്ട് തടസ്സം സൃഷ്ടിച്ചതിനാൽ ദുബൈയിലെ സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, യൂനിവേഴ്സിറ്റികൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ചയും ഓൺലൈൻ പഠനസൗകര്യം അനുവദിച്ചു. ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) ഞായറാഴ്ച സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ശനിയാഴ്ച അസ്ഥിര കാലാവസ്ഥ മൂർധാവസ്ഥയിലായിരുന്നു. ശക്തമായ മഴ പ്രവചിക്കപ്പെട്ടതോടെ അധികൃതർ മുൻകരുതലുകളെടുത്തതിനാൽ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച ആകാശം ഭാഗികമായി മേഘാവൃതമാണെങ്കിലും നല്ല കാലാവസ്ഥയായിരുന്നു. എങ്കിലും ചിലയിടങ്ങളിൽ ഭാഗിക മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.