പാസ്പോർട്ടിലെ വിസ സ്റ്റിക്കർ ഇനി ഓർമ; എല്ലാം എമിറേറ്റ്സ് ഐ.ഡി
text_fieldsദുബൈ ഒഴികെയുള്ള
എല്ലാ എമിറേറ്റിലും നടപ്പാക്കി
ദുബൈ: പാസ്പോർട്ടിൽ താമസവിസ പതിപ്പിക്കുന്നത് ഒഴിവാക്കുന്ന സംവിധാനം ദുബൈ ഒഴികെയുള്ള എമിറേറ്റുകളിൽ പ്രാബല്യത്തിലായി. എമിറേറ്റ്സ് ഐ.ഡിയിലായിരിക്കും ഇനിമുതൽ വിസ വിവരങ്ങൾ ഉള്ളത്. തിങ്കളാഴ്ചയാണ് ഇത് ആറ് എമിറേറ്റുകളിലും ഔദ്യോഗികമായി നടപ്പാക്കിത്തുടങ്ങിയത്. ഇതോടെ, പാസ്പോർട്ടിലെ പിങ്ക് നിറത്തിലുള്ള വിസ പേജ് ഓർമയായി. പുതിയ വിസ സ്റ്റാമ്പ് ചെയ്യുന്നവർക്കും വിസ പുതുക്കുന്നവർക്കും ഇനിമുതൽ പുതിയ സംവിധാനമായിരിക്കും ലഭ്യമാകുക. ദുബൈയിൽ വൈകാതെ ഇത് പ്രാബല്യത്തിലാകും.
പുതിയ സംവിധാനം നിലവിൽ വന്നതോടെ വിസ പുതുക്കലിനും എമിറേറ്റ്സ് ഐ.ഡിക്കും വ്യത്യസ്ത അപേക്ഷകൾ നൽകുന്നത് ഒഴിവാകും. രണ്ടിനും ചേർത്ത് ഒരപേക്ഷ നൽകിയാൽ മതിയാവും. എന്നാൽ, ദുബൈയിൽ ഇപ്പോഴും പഴയതുപോലെ രണ്ട് അപേക്ഷ നൽകണം.
പ്രവാസികളുടെ പാസ്പോർട്ടിലെ ഏതെങ്കിലുമൊരു പേജിൽ താമസവിസയുടെ സ്റ്റിക്കർ പതിക്കുന്നതാണ് നിലവിലെ പതിവ്. ഇതാണ് അവസാനിച്ചത്. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കാൻ കഴിയും. വിദേശത്തുനിന്ന് യു.എ.ഇയിലേക്ക് യാത്രചെയ്യുമ്പോൾ വിമാനക്കമ്പനികൾക്ക് പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐ.ഡിയും പരിശോധിച്ചാൽ യാത്രക്കാരന്റെ വിസ വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം. പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യു.എ.ഇ എമിറേറ്റ്സ് ഐ.ഡി പരിഷ്കരിച്ചിരുന്നു. എമിറേറ്റ്സ് ഐ.ഡി പരിശോധിച്ചാൽ യാത്രക്കാരന്റെ പൂർണ വിവരങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഡിജിറ്റലൈസ് ചെയ്തത്. എന്നാൽ, വിസ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. പുതിയ മാറ്റത്തോടെ ഈ വിവരങ്ങൾകൂടി എമിറേറ്റ്സ് ഐ.ഡിയിലുണ്ടാവും. എമിറേറ്റ്സ് ഐ.ഡി പുതുക്കുന്നവർക്ക് ഇനിമുതൽ പുതിയ കാർഡായിരിക്കും ലഭിക്കുക. അതിൽ വിസ വിവരങ്ങളും ഉൾപ്പെടുത്തും. എമിറേറ്റ്സ് ഐ.ഡിയിൽ പ്രത്യക്ഷത്തിൽ നോക്കിയാൽ ഈ വിവരങ്ങൾ കാണാൻ കഴിയില്ല. എന്നാൽ, ഇതിനുള്ളിൽ അടക്കംചെയ്തിരിക്കുന്ന ഡേറ്റയിൽ വിവരങ്ങളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.