ശൈഖ് സായിദിനെ സ്മരിച്ച് രാജ്യം
text_fieldsദുബൈ: യു.എ.ഇയെ രൂപപ്പെടുത്തുന്നതിലും മുന്നേറ്റത്തിന് സജ്ജമാക്കുന്നതിലും നിസ്തുല പങ്കുവഹിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനെ സ്മരിച്ച് രാജ്യം. റമദാൻ 19ലെ ഓർമദിനം സായിദ് ജീവകാരുണ്യ ദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ നേതാക്കളും സന്നദ്ധപ്രവർത്തകരും സംഘടനകളും മാനവികത ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയാണ് പുതുക്കിയത്.
ശൈഖ് സായിദിന്റെ മൂല്യങ്ങൾ രാജ്യത്തെ എല്ലാക്കാലവും മുന്നോട്ടു നയിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ച അനുസ്മരണത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഔദാര്യവും അനുകമ്പയും ലോകമെമ്പാടുമുള്ള ജീവിതങ്ങളെ സ്പർശിക്കുകയും യു.എ.ഇയുടെ മാനുഷിക പ്രവർത്തനങ്ങളെ ഇന്നും പ്രചോദിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് സായിദ് ദാനത്തിന്റെയും മാനവികതയുടെയും പ്രതീകമായിരുന്നുവെന്ന് സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി സന്ദേശത്തിൽ പറഞ്ഞു.
ശൈഖ് സായിദ് എന്നും യു.എ.ഇ ജനങ്ങൾ ഉറ്റുനോക്കുന്ന മാതൃക നേതാവായി നിലകൊള്ളുമെന്ന് സുപ്രീംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘകാല ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി ബഹിരാകാശ നിലയത്തിലെ യു.എ.ഇയുടെ പതാകയുടെ ചിത്രം പങ്കുവെച്ചാണ് അനുസ്മരണക്കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്.
‘ദയ, നിശ്ചയദാർഢ്യം, ലക്ഷ്യസാക്ഷാത്കാരം എന്നിവക്കുള്ള അഭിനിവേശം പകർന്നുതന്ന മനുഷ്യന്റെ സ്മരണക്ക്, ഞാൻ അഭിമാനപൂർവ്വം യു.എ.ഇയുടെ പതാക ബഹിരാകാശത്തുനിന്ന് സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തത്. നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്കും തുടക്കംകുറിക്കപ്പെട്ടിട്ടുണ്ട്. എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി (ഇ.ഡബ്ല്യു.ഇ.സി) എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് 2,000 പേർക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.