തുറമുഖങ്ങളിൽ പുനരുപയോഗ ഊർജം; ഡി.പി വേൾഡും മസ്ദറും ധാരണയിൽ
text_fieldsദുബൈ: മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും പ്രവർത്തിക്കുന്ന തുറമുഖങ്ങൾ ഉൾപ്പെടെ ആഗോള വിതരണ ശൃംഖലകളിൽ പുനരുപയോഗ ഊർജം ഉപയോഗിക്കുന്നതിനായി പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ഡി.പി വേൾഡും അബൂദബി ഫ്യൂചർ എനർജി കമ്പനിയും (മസ്ദർ) തമ്മിൽ ധാരണയിലെത്തി. പരിസ്ഥിതി സൗഹൃദപരമായ ഊർജ സംവിധാനങ്ങൾ, ബാറ്ററി ഊർജ സംഭരണ സംവിധാനങ്ങൾ (ബി.ഇ.എസ്.എസ്), മറ്റ് പുനരുപയോഗ ഊർജങ്ങൾ എന്നിവ ലോകവ്യാപകമായി പര്യവേക്ഷണം ചെയ്യുകയാണ് ലക്ഷ്യം.
മൂന്നു വർഷത്തെ പങ്കാളിത്തത്തിൽ സൗദി അറേബ്യ, സെനഗാൾ, ഈജിപ്ത് എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സൗരോർജ, ഊർജ സംഭരണ സംവിധാനങ്ങളുടെ വിന്യാസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ഡി.പി വേൾഡും മസ്ദറും ഒരുമിച്ച് പ്രവർത്തിക്കും. ഇവിടെ നിന്ന് ലഭിക്കുന്ന പുനരുപയോഗ ഊർജം പരമാവധി ഉപയോഗപ്പെടുത്താനാണ് ഡി.പി വേൾഡിന്റെ തീരുമാനം.
തങ്ങളുടെ തുറമുഖങ്ങളിൽ സുസ്ഥിരമായ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് മസ്ദറുമായുള്ള സഹകരണം വലിയ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ഡി.പി വേൾഡ് സി.ഇ.ഒ മുഹമ്മദ് ജമീൽ അൽ റമാഹി പറഞ്ഞു. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പുനരുപയോഗ ഊർജ കമ്പനിയാണ് അബൂദബിയിലെ മസ്ദർ.
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ചരക്കുഗതാഗത രംഗത്തെ പങ്കാളികൾ, എൻ.ജി.ഒകൾ, സർക്കാറുകൾ, കാർഗോ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് പരിസ്ഥിതി അനുകൂല ഊർജം കണ്ടെത്തുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യകൾ പര്യവേക്ഷണം ചെയ്യുന്നതിന് ഡി.പി വേൾഡ് നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാറെന്നും അദ്ദേഹം പറഞ്ഞു. കാർബൺ മുക്ത ഊർജത്തിലേക്ക് മാറുകയെന്നതാണ് ഡി.പി വേൾഡിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.