ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഓൺലൈനിലായി
text_fieldsദുബൈ: ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട മൂന്ന് സേവനങ്ങൾ പൂർണമായും ഓൺലൈനും ആപ്പും വഴി മാത്രമാക്കിയതായി റോഡ് ഗതാഗത വകുപ്പ് (ആർ.ടി.എ) അറിയിച്ചു.
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, നഷ്ടപ്പെട്ടതിനും നശിച്ചതിനും പകരം വാങ്ങൽ, ഡ്രൈവിങ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അനുവദിക്കൽ എന്നീ സേവനങ്ങളാണ് ജൂൺ പകുതിയോടെ ഓൺലൈനിൽ മാത്രമാവുക. ഇൗ സേവനങ്ങൾ ആർ.ടി.എ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ ഇനി ലഭ്യമാവില്ല.
ആർ.ടി.എയുടെ ദുബൈ ഡ്രൈവ് ആപ്പ്, വെബ്സൈറ്റ്, സ്വയംസേവന കിയോസ്‌ക്കുകൾ, അംഗീകൃത കാഴ്ചശക്തി പരിശോധന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലൈസൻസ് പുതുക്കൽ അപേക്ഷകൾ നൽകാമെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി ഡയറക്ടർ സുൽത്താൻ അൽ മർസൂഖി അറിയിച്ചു. നഷ്ടപ്പെട്ടതിനും നശിച്ചതിനും പകരം ലഭിക്കാൻ ആപ്പും വെബ്സൈറ്റും വഴി മാത്രമാണ് അപേക്ഷിക്കേണ്ടത്. ഡ്രൈവിങ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന് ആപ്പ്, വെബ്സൈറ്റ്, സ്വയംസേവന കിയോസ്‌ക്കുകൾ എന്നിവ വഴി അപേക്ഷിക്കാം. ദുബൈയിൽ ഒാരോ വർഷവും ലക്ഷക്കണക്കിന് ഡ്രൈവിങ് ലൈസൻസ് അപേക്ഷകളാണ് ലഭിക്കുന്നത്.
കഴിഞ്ഞ വർഷം 20 ലക്ഷം ഡ്രൈവിങ് ലൈസൻസ് ഇടപാടുകളാണ് നടന്നത്. ഇതിൽ 72 ശതമാനവും ഓൺലൈൻ സേവനങ്ങളിലൂടെയാണ് പൂർത്തിയാക്കിയത്.
കഴിഞ്ഞ മാസം ആർ.ടി.എ വിവിധ വാഹന ലൈസൻസ്, പിഴ അടക്കൽ സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇൻഷുറൻസ് റീഫണ്ട്, വാഹന ഉടമാവകാശം, വാഹന ക്ലിയറൻസ് എന്നിവയടക്കമുള്ള സേവനങ്ങളാണ് പൂർണമായും ഓൺലൈനിലാക്കിയത്.ലേണിങ് പെർമിറ്റ് ലഭിക്കുന്നതിനുള്ള സമയവും രണ്ടു ദിവസത്തിൽ നിന്ന് 15 മിനിറ്റാക്കി കഴിഞ്ഞ മാസം ചുരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.