പുതുക്കിപ്പണിത അബൂദബി സെന്റ് ജോർജ് കത്തീഡ്രൽ തുറന്നു
text_fieldsഅബൂദബി: രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയങ്ങളിലൊന്നായ അബൂദബി സെന്റ് ജോർജ് കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നു. പുതുക്കിപ്പണിത കത്തീഡ്രലിന്റെ കൂദാശക്ക് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. മതസൗഹാർദത്തിന്റെ നേർസാക്ഷ്യമായി മാറിയ ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയും പങ്കെടുത്തു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സ്ഥലം അനുവദിച്ച് അദ്ദേഹം തന്നെ ശിലയിട്ട ദേവാലയത്തിൽ 1971 ഡിസംബർ ഒന്നിന് ആദ്യ പ്രാർഥന തുടങ്ങിയിട്ട് 53 വർഷം പിന്നിടുന്ന വേളയിലാണ് പുതുക്കിപ്പണിത കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നത്. സാമൂഹിക വികസന വിഭാഗം ചെയർമാൻ മുഗീർ ഖമീസ് അൽ ഖൈലി, യു.എ.ഇ പൗരനും രാജകുടുംബത്തിന്റെ ഡോക്ടറും അൽഐൻ ഡിസ്ട്രിക്റ്റ് മുൻ മെഡിക്കൽ ഡയറക്ടറുമായ ഡോ. ജോർജ് മാത്യു തുടങ്ങിയവരും പങ്കെടുത്തു.
സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് യു.എ.ഇ എന്നും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ മുന്നോട്ടുവെച്ച മതസൗഹാർദവും ദീർഘവീക്ഷണവുമാണ് രാജ്യത്തിന്റെ കരുത്തെന്നും മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ പറഞ്ഞു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച ദേവാലയത്തിൽ യേശുക്രിസ്തുവിന്റെ ചരിത്രം, അത്ഭുതങ്ങൾ, ഉപമകൾ എന്നിവയുടെ ഐക്കണുകൾ, പൗരാണിക പാരമ്പര്യത്തെ എടുത്തുകാട്ടുന്ന നിർമിതികൾ എന്നിവ ചിത്രീകരിച്ചിട്ടുണ്ട്. 1.5 കോടി ദിർഹം ചെലവിൽ പണിതുയർത്തിയ ദേവാലയത്തിൽ ഒരേസമയം 2000 പേർക്ക് പ്രാർഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.