റിപ്പബ്ലിക് ദിനമാചരിച്ച് പ്രവാസലോകം
text_fieldsയു.എ.ഇ ഇന്ത്യൻ എംബസിയിൽ
നടന്ന റിപ്പബ്ലിക് ദിനാചരണ
ചടങ്ങിൽ അംബാസഡർ
സഞ്ജയ് സുധീർ സംസാരിക്കുന്നു
അബൂദബി/ദുബൈ: 76ാമത് റിപ്പബ്ലിക് ദിനം ആചരിച്ച് പ്രവാസലോകം. അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈ ഇന്ത്യൻ കോൺസുലേറ്റിലും വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകളിലും വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലും ആഘോഷ പരിപാടികൾ നടന്നു. എംബസിയില്‍ നടന്ന ചടങ്ങിൽ അംബാസഡര്‍ സഞ്ജയ് സുധീര്‍ പതാക ഉയർത്തി. പ്രവാസി ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന അദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു.
പ്രവാസികളായ സഹോദരീ സഹോദരന്മാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നമ്മുടെ സംസ്കാരം എത്തിക്കുന്നതെന്നും വിവിധ മേഖലകളില്‍ അവര്‍ കൈവരിക്കുന്ന നേട്ടങ്ങളില്‍ നാം അഭിമാനിക്കുകയാണെന്നും രാഷ്ട്രപതിയുടെ സന്ദേശത്തിൽ പറഞ്ഞു. 2047ഓടെ വികസിത രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പ്രവാസി ഇന്ത്യക്കാരുടെ സജീവ പങ്കാളിത്തത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞു.
അബൂദബിയിലെ നമ്മുടെ എംബസിയും ദുബൈയിലെ കോണ്‍സുലേറ്റും എപ്പോഴും തുറന്നുകിടക്കുമെന്നും യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സഹായം ചെയ്യാന്‍ തങ്ങള്‍ സദാ സന്നദ്ധരാണെന്നും സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അതിവേഗം വളരുന്നത് ഇരുരാഷ്ട്രങ്ങളുടെയും നേതാക്കളുടെ ദീര്‍ഘവീക്ഷണങ്ങളുടെ ഫലമാണ്. കഴിഞ്ഞ 18 മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നു തവണയാണ് യു.എ.ഇ സന്ദര്‍ശിച്ചത്.
യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തിനോടുള്ള യു.എ.ഇ സര്‍ക്കാറിന്റെയും ഭരണാധികാരികളുടെയും കരുണക്കും പരിഗണനക്കും ഉദാരമനസ്കതക്കുമെല്ലാം നന്ദി പറയുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ആഘോഷ ചടങ്ങുകൾക്ക് പതാക ഉയർത്തലോടെ തുടക്കമായി. കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പതാക ഉയർത്തി. ഉദ്യോഗസ്ഥരും പ്രവാസി സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന റിപ്പബ്ലിക് ദിനാചരണ ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പതാക ഉയർത്തുന്നു
ഐ.എസ്.സി അജ്മാന്
അജ്മാന്: ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാന് ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം അതിവിപുലമായി ആഘോഷിച്ചു. രാവിലെ ഒമ്പതിന് സോഷ്യല്‍ സെന്റര്‍ അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് കോൺസുലാർ ആരാധന യാദവ് പതാകയുയർത്തി. തുടര്‍ന്ന് ദേശീയഗാനം ആലപിച്ചു. ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ചന്ദ്രൻ ബേപ്പ് സ്വാഗതവും ആക്ടിങ് പ്രസിഡന്റ് കെ.ജി. ഗിരീഷ് അധ്യക്ഷത വഹിച്ചു.
ആരാധന യാദവ് റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. വിശാലമായ ഒരു സ്വതന്ത്ര ഇന്ത്യ സ്വപ്നം കണ്ട സ്വാതന്ത്ര്യ സമര സേനാനികളുടെയും ദർശകരുടെയും ത്യാഗങ്ങളെ അവർ ഓർമിപ്പിച്ചു. ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെന്റർ ട്രഷറർ വിനോദ് കുമാർ ടി.ബി നായർ നന്ദിയും രേഖപ്പെടുത്തി.
ഐ.എസ്.സി അജ്മാന് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽനിന്ന്
ഐ.എസ്.സി ഫുജൈറ
ഫുജൈറ: ഇന്ത്യയുടെ 76മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഐ.എസ്.സി പ്രസിഡന്റ് അഡ്വ. നാസറുദ്ദീൻ സ്വാഗതമാശംസിച്ചു. കോൺസുലർ ആഷിസ് കുമാർ ശർമ പതാക ഉയർത്തി ശേഷം രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
ക്ലബ് ജനറൽ സെക്രട്ടറി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഡോ. പുത്തൂർ റഹ്മാൻ ആശംസ അർപ്പിച്ചു. ക്ലബ് ഭാരവാഹികളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. രേഖ നായർ ദേശ ഭക്തിഗാനം ആലപിച്ചു. ഐ.എസ്.സി കോൺസുൽ സെക്രട്ടറി അശോക് മുൾ ചന്ദാനി നന്ദി പറഞ്ഞു.
ഐ.എസ്.സി ഫുജൈറ റിപ്പബ്ലിക് ദിനാഘോഷത്തിൽ കോൺസുലർ ആഷിസ് കുമാർ ശർമ പതാക ഉയർത്തുന്നു
ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ
ഉമ്മുൽ ഖുവൈൻ: രാജ്യത്തിന്റെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഇന്ത്യൻ അസോസിയേഷൻ അങ്കണത്തിൽ വർണാഭ ചടങ്ങുകളോടെ നടന്നു. രാവിലെ 7.30ന് ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസിലർ നവീൻ ഇന്ത്യൻ പതാകയും, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക യു.എ.ഇ പതാകയും ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പതോളം ഡോക്ടർമാരും നൂറോളം പാരാമെഡിക്കൽ സ്റ്റാഫും നഴ്സുമാരും പങ്കെടുത്ത ക്യാമ്പിൽ സൗജന്യ മരുന്ന് വിതരണവും രക്തപരിശോധനയും ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിങ്ങും നടത്തി. മെഗാ മെഡിക്കൽ ക്യാമ്പ് സ്വാതന്ത്ര്യ സമര സേനാനികൾക്കും, വീരമൃത്യു വരിച്ച പട്ടാളക്കാർക്കും സമർപ്പിക്കുന്നതായി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസിലർ നവീൻ ഇന്ത്യൻ പതാകയും, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക യു.എ.ഇ പതാകയും ഉയർത്തുന്നു
ചടങ്ങിൽ എമിറേറ്റ് ഹെൽത്ത് സർവിസ് ഉമ്മുൽ ഖുവൈൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ആസ്മ സൈഫ് മുഖ്യാതിഥിയായിരുന്നു . അസോസിയേഷൻ ജനറൽ സെക്രട്ടറി രാജീവ് സ്വാഗതവും ജോ.സെക്രട്ടറി റാഷിദ് പൊന്നാണ്ടി നന്ദിയും രേഖപ്പെടുത്തി.
ഇന്ത്യ ഇന്റർ നാഷനൽ സ്കൂൾ
ഷാർജ: ഇന്ത്യ ഇന്റർ നാഷനൽ സ്കൂൾ ഷാർജ, ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ സമരം, ദേശീയ നായകർ, നമ്മുടെ ബഹുസ്വരത തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു. അസി. ഡയറക്ടർ സഹാ അസദ്, വൈസ് പ്രിൻസിപ്പൽ സുനാജ് അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു.
ഇന്ത്യ ഇന്റർ നാഷനൽ സ്കൂൾ ഷാർജയിൽ 76ാമത് റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ദേശീയ പതാക ഉയർത്തുന്നു
ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി
ദുബൈ: ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ഇന്ത്യയുടെ 76ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാബുരാജ് കാളിയത് മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി സി.എ. ബിജു, ഗ്ലോബൽ നേതാക്കളായ മോഹൻദാസ് ആലപ്പുഴ, ടൈറ്റസ് പുലൂരാൻ, നാദിർഷ എറണാകുളം, പ്രജീഷ്ബാലുശ്ശേരി, സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റുമാരായ ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര, ഭാരവാഹികളായ ഇക്ബാൽ ചെക്യാട്, രാജു ഡാനിയേൽ, സുലൈമാൻ കറുത്തക്ക, സജി ബേക്കൽ, ഷംഷീർ നാദാപുരം, പ്രജീഷ് വിളയിൽ, അഹമ്മദ് അലി, സാദിക്ക് അലി, സുനിൽ നമ്പ്യാർ, കെ. ബിനിഷ്, ജിബിൻ ജോഷി, ഫൈസൽ തങ്ങൾ, ഉമേഷ് വെള്ളൂർ, ജില്ലാ പ്രസിഡന്റുമാരായ ഫിറോസ് മുഹമ്മദ് അലി, നൗഫൽ സൂപ്പി, നൗഷാദ് അഴൂർ, അൻസാദ് ബഷീർ, അഡ്വ: സിജോ ജോസഫ്, അബ്ദുള്ള സയാനി, ജിസ് ജോർജ്, മുഹമ്മദ് ഏറാമല, കിഷോർ കുമാർ, രാജീവൻ പിലിക്കോഡ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഭൂമി വില്പന നികുതിയിൽ കേന്ദ്ര സർക്കാർ പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അധിക നികുതിയ്ക്ക് എതിരെ ശക്തമായ പ്രതിഷേധവും യോഗം രേഖപ്പെടുത്തി. ഇൻകാസ് സ്റ്റേറ്റ് ഓർഗനൈസേഷനൽ ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും ട്രഷറർ ദിലീപ് കുമാർ നന്ദിയും രേഖപ്പെടുത്തി.
ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പ്രസിഡന്റ് റഫീഖ് മട്ടന്നൂർ കേക്ക് മുറിക്കുന്നു
റിപ്പബ്ലിക് ദിന കൺവെൻഷൻ
ദുബൈ: എല്ലാവരെയും ഒന്നായി കാണുന്നതിനൊപ്പം സഹാനുഭൂതിയും കാരുണ്യവും പകരുന്നതിലൂടെയായിരിക്കണം ദേശീയത പ്രകടിപ്പിക്കേണ്ടതെന്ന് എസ്.എച്ച്.ആർ ഫൗണ്ടേഷൻ ദേശീയ വൈസ് ചെയർമാൻ നൗഷാദ് തോട്ടുംകര അഭിപ്രായപ്പെട്ടു. 76ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി എസ്.എച്ച്.ആർ ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എച്ച്.ആർ ഫൗണ്ടേഷൻ യു.എ.ഇ. പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
എസ്.എച്ച്.ആർ ഫൗണ്ടേഷൻ ദേശീയ വൈസ് ചെയർമാൻ നൗഷാദ് തോട്ടുംകരക്ക് ഉപഹാരം സമ്മാനിക്കുന്നു
സെക്രട്ടറി അഡ്വ. നജുമുദ്ദീൻ ആമുഖ പ്രസംഗം നടത്തി. മുഖ്യാതിഥി ബഷീർ വടകര പ്രഭാഷണം നടത്തി. ജോ. സെക്രട്ടറി മനോഹരൻ ജനാർദനൻ ആചാരി റിപ്പബ്ലിക് ദിന സന്ദേശവും ചലച്ചിത്ര പ്രവർത്തകൻ അനസ് സൈനുദ്ദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.നൗഷാദ് തോട്ടുംകരക്ക് പ്രസിഡന്റ് ഷാഹുൽ ഹമീദ് സ്നേഹോപഹാരം നൽകി. പുതിയ ഭാരവാഹികളായി എം. ഷാഹുൽ ഹമീദ് (പ്രസിഡന്റ്), അഡ്വ. നജുമുദ്ദീൻ (സെക്രട്ടറി), സബീന അൻവർ (ട്രഷറർ), രാജേഷ് ചേരാവള്ളി, നജീബ് അലിയാർ (വൈസ് പ്രസിഡന്റുമാർ), മനോഹരൻ ജനാർദനൻ ആചാരി, നിസാം കിളിമാനൂർ (ജോ.സെക്രട്ടറിമാർ), മനോജ് മനാമ (ജോ. ട്രഷറർ) എന്നിവർ ഉൾപ്പെടെ 20 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുത്തു. യോഗത്തിന് ആസിഫ് മിർസ, അനസ് സൈനുദ്ദീൻ, സുരേഷ് പാലക്കാട്, സലിം കായംകുളം, എ.ആർ. നിസാമുദ്ദീൻ, സായിദ് മനോജ്, മുഹമ്മദാലി, മനോജ് കൂട്ടിക്കൽ, നസീം കല്ലമ്പലം, നൗഫൽ നാസർ കൊല്ലം, റഫീഖ് എന്നിവർ നേതൃത്വം നൽകി. അഡ്വ. നജുമുദ്ദീൻ സ്വാഗതവും നിസാം കിളിമാനൂർ നന്ദിയും രേഖപ്പെടുത്തി.
ന്യൂനപക്ഷ സംരക്ഷണം നഷ്ടപ്പെടുന്നു-സി.എച്ച്. റഷീദ്
ദുബൈ: എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഇല്ലാതാവുന്ന രീതിയിലാണ് ചില രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തനങ്ങളെന്നും ഭരണഘടന അനുവദിച്ച ന്യൂനപക്ഷ സംരക്ഷണം ഇല്ലാതാവുന്ന രീതിയിലാണ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി മണലൂർ മണ്ഡലം കമ്മിറ്റി അബുഹൈൽ ആസ്ഥാനത്ത് സംഘടിപ്പിച്ച മുഹബ്ബത്ത് കി ബസാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മാതൃകയായ ഭരണഘടനയാണ് ഇന്ത്യയുടേത്. അത് സംരക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും സി.എച്ച്. റഷീദ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷെക്കീർ കുന്നിക്കൽ അധ്യക്ഷനായിരുന്നു. ചെയർമാൻ മുഹമ്മദ് വെട്ടുകാട് ആമുഖ ഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ജന.സെക്രട്ടറി പി.എം. അമീർ, ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിമാരായ പി.വി. നാസർ, അബ്ദു സമദ് ചാമക്കാല, ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ജന.സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, വൈസ് പ്രസിഡന്റുമാരായ ആർ.വി.എം. മുസ്തഫ, അഷ്റഫ് കൊടുങ്ങല്ലൂർ, സെക്രട്ടറിമാരായ ജംഷീർ പാടൂർ, ഹനീഫ് തളിക്കുളം, നൗഫൽ കടപ്പുറം എന്നിവർ സംസാരിച്ചു. ഭാരവാഹികളായ റഷീദ് പുതുമനശേരി, നൗഫൽ മുഹമ്മദ്, ജാബിർ മുഹമ്മദ്, ഷാജഹാൻ കോവത്ത്, അൻവർ റഹ്മാനി, അഹ്മദ് ജിലാനി, ആർ.എ. ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. ചിത്രരചന, കളറിങ് മത്സരങ്ങളും വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.
മുഹബ്ബത്ത് കി ബസാർ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്യുന്നു
വനിതകമ്മിറ്റി ജില്ല ജന.സെക്രട്ടറി ഫസ്ന നബീൽ, മറിയം ജാബിർ, ഫസീല ഷാജഹാൻ, ഫാസില നൗഫൽ, മണ്ഡലം പ്രസിഡന്റ് ഫരീദ, ജന. സെക്രട്ടറി തസ്നിം ഹർഷാദ്, ട്രഷറർ ജാസിറ ഉസ്മാൻ, ഷാർജ ജില്ല വൈസ് പ്രസിഡന്റ് ബൽകീസ് മുഹമ്മദ്, മണ്ഡലം ഭാരവാഹികളായ മെഹ്നാസ് സലാം, റസീന ലത്തീഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ജന.സെക്രട്ടറി ഷാജഹാൻ ജാസി സ്വാഗതവും ട്രഷറർ മുഹമ്മദ് ഹർഷാദ് നന്ദിയും പറഞ്ഞു.
റിപ്പബ്ലിക് ദിന വോളി: തമിഴ് സ്പാർട്ടൻസ് ജേതാക്കൾ
ദുബൈ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. യു.എ.ഇ മലയാളി വാട്സാപ് കൂട്ടായ്മ സംഘടിപ്പിച്ച ടൂർണമെന്റിൽ എട്ട് ടീമുകൾ മാറ്റുരച്ചു. തമിഴ് സ്പാർട്ടൻസാണ് ടൂർണമെന്റ് ജേതാക്കൾ. ദേശീയ ഗാനത്തോടെയാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്.
യു.എ.ഇ മലയാളി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ജേതാക്കളായ തമിഴ് സ്പാർട്ടൻസ്
ആദ്യമായാണ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വോളിമേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കൺവീനർ ഇസ്മായിൽ മഞ്ഞക്കണ്ടി, മഹേഷ് തിക്കോടി, പ്രകാശ് തളിപ്പറമ്പ്, ഷംസു കോടിയേരി, റഹീസ് പേരാമ്പ്ര, ഷബീർ കാസർകോട്, സലാം പാണത്തൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.