താഴ്വരയില് വഴിതെറ്റിയ ഏഴ് ഏഷ്യന്‍ വംശജരെ രക്ഷപ്പെടുത്തി
text_fieldsറാസല്‍ഖൈമ: വിനോദത്തിനായി റാസല്‍ഖൈമയിലെ വാദി ഷീഹിലിലെത്തി വഴിതെറ്റിയ ഏഴംഗ ഏഷ്യന്‍ സംഘത്തെ രക്ഷപ്പെടുത്തിയതായി റാക് പൊലീസ് അറിയിച്ചു. ഇവര്‍ റാസല്‍ഖൈമയിലെ ഷീഹ് താഴ്വരയില് കുടുങ്ങിയതായി ഓപറേഷന് റൂമില്‍ വിവരം ലഭിക്കുകയായിരുന്നുവെന്ന് റാക് പൊലീസ് റെസ്ക്യൂ വിഭാഗം മേധാവി മേജര്‍ അബ്ദുല്ല അബ്ദുല്റഹ്മാന് അല്‍ സമന് പറഞ്ഞു.
സ്ഥലനിര്‍ണയത്തില്‍ ദുര്‍ഘടമായ പ്രദേശത്താണ് സംഘം കുടുങ്ങിയിരുന്നത്. വിവരം രക്ഷാ സംഘത്തിന് ലഭിക്കുകയും മുന്‍കരുതലുകള്‍ ഒരുക്കിയ പൊലീസ് സേന അന്വേഷണം ത്വരിതപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ സംഘാംഗങ്ങളെ ക്ഷീണിതരായാണ് വാദി ഷീഹില് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഒരാളെ സ്ട്രെച്ചറിന്റെ സഹായത്തോടെയാണ് വാദിയില്‍നിന്ന് രക്ഷപ്പെടുത്തിയത്.
ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനനുയോജ്യമായ സ്ഥലം കണ്ടെത്തുകയും കൂടുതല്‍ ക്ഷീണിതരായവരെ ഹെലികോപ്ടറില്‍ തന്നെ സുരക്ഷിത സ്ഥലത്തെത്തിക്കുകയും ചെയ്തു. സംഘാംഗങ്ങളില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു അംഗങ്ങള്‍ ആരോഗ്യവാന്മാരാണെന്നും അധികൃതര്‍ അറിയിച്ചു.
പർവത പ്രദേശങ്ങളിലും താഴ്വാരങ്ങളിലും സന്ദര്‍ശനം നടത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലുകളെടുക്കണമെന്നും അധികൃതര്‍ നിർദേശിച്ചു. രണ്ടുദിവസം മുമ്പ് റാക് പർവതനിരയില്‍ കുടുങ്ങിയ എട്ടംഗ വിദേശ സംഘത്തെ റാക് പൊലീസ് എയര്‍വിങ് വിഭാഗം രക്ഷപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.