ഗവേഷണം, കണ്ടുപിടിത്തം; ഹോട്ട്പാക്ക്-മിഡിൽസെക്സ് യൂനിവേഴ്സിറ്റി ധാരണ
text_fieldsദുബൈ: പാക്കേജിങ് ഉൽപന്ന നിർമാണരംഗത്തെ യു.എ.ഇയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്പാക്ക് ഗ്ലോബൽ ദുബൈ മിഡിൽസെക്സ് യൂനിവേഴ്സിറ്റിയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകി യുവപ്രതിഭകളെ കണ്ടെത്തുകയുമാണ് ലക്ഷ്യം.
ദുബൈ മിഡിൽസെക്സ് യൂനിവേഴ്സിറ്റിയിലെ ഫാക്കൽറ്റിയും വിദ്യാർഥികളും ഹോട്ട്പായ്ക്കുമായി ചേർന്ന് ലോകത്തിലെ പാക്കേജിങ് പ്രശ്നങ്ങൾക്കുള്ള പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സുസ്ഥിര പാക്കേജിങ്ങിൽ പ്രത്യേക ഹ്രസ്വ കോഴ്സുകളും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും സംയുക്തമായി വികസിപ്പിക്കുകയും ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കുകയും ചെയ്യും.
സുസ്ഥിര ഉൽപാദനരംഗത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി സംയുക്ത അക്കാദമിക്, അപ്ലൈഡ് ഗവേഷണ പദ്ധതികളിൽ സഹകരണം വളർത്തിയെടുക്കുന്നതിനായാണ് ധാരണ. ദുബൈയിലെ മിഡിൽസെക്സ് യൂനിവേഴ്സിറ്റിപോലുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിക്കുന്നത് ഹോട്ട്പാക്കിന്റെ സുപ്രധാന നാഴികക്കല്ലാണെന്ന് ഗ്രൂപ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു.
അടുത്ത തലമുറയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുകയും ഒപ്പം പാക്കേജിങ് നവീകരണത്തിൽ മുൻപന്തിയിൽ നിൽക്കാൻ ഈ സഹകരണം പ്രാപ്തരാക്കും. കമ്പനിയുടെ തുടർച്ചയായ വളർച്ചക്കും വിജയത്തിനും അക്കാദമിക ഗവേഷണത്തിന്റെ ഭാഗമാകൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാഷണങ്ങളും വ്യവസായ-അക്കാദമിക് സംവാദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശിൽപശാലകളും സിമ്പോസിയങ്ങളും കരാറിന്റെ ഭാഗമായി സംഘടിപ്പിക്കും. കൂടാതെ, ഹോട്ട്പാക്കിന്റെ പ്രവർത്തനങ്ങളെയും ബിസിനസ് തന്ത്രങ്ങളെയും കുറിച്ചുള്ള കേസ് പഠനങ്ങൾ വികസിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കും.
പാക്കേജിങ് വ്യവസായത്തിലെ പ്രമുഖരായ ഹോട്ട്പാക്ക് ഗ്ലോബലുമായി സഹകരിക്കുന്നതിൽ ആവേശഭരിതരാണെന്ന് മിഡിൽസെക്സ് യൂനിവേഴ്സിറ്റി പ്രോ-വൈസ് ചാൻസലറും ദുബൈ ഡയറക്ടറുമായ പ്രഫ. സെഡ്വിൻ ഫെർണാണ്ടസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.