രേഷ്മ ഷാനവാസ് മീഡിയവൺ സ്റ്റാർ ഷെഫ്
text_fieldsദുബൈ: മീഡിയവൺ റെനം ഹോൾഡിങ് സ്റ്റാർ ഷെഫ് മത്സരത്തിൽ തൃശൂർ സ്വദേശി രേഷ്മ ഷാനവാസ് സ്റ്റാർ ഷെഫായി തെരഞ്ഞെടുത്തു. ദുബൈ സൂഖ് അൽ മർഫയിൽ നടന്ന വാശിയേറിയ ഗ്രാൻഡ് ഫിനാലേയിൽ മാറ്റുരച്ച പത്ത് പാചക പ്രതിഭകളെ പിന്തള്ളിയാണ് 5000 ദിർഹമിന്റെ ഒന്നാം സമ്മാനം രേഷ്മ സ്വന്തമാക്കിയത്.
തത്സമയം കൈയിൽ ലഭിക്കുന്ന വസ്തുക്കൾകൊണ്ട് ഒരു മണിക്കൂറിനകം രുചികരമായ വിഭവം തയാറാക്കുന്നതായിരുന്നു മീഡിയവൺ സ്റ്റാർ ഷെഫ് ഫൈനൽ റൗണ്ടിലെ ചലഞ്ച്.
രണ്ടാം സ്ഥാനത്ത് എത്തിയ തൃശൂർ സ്വദേശി ഷബാന 3000 ദിർഹം സമ്മാനമായി നേടി. മൂന്നാം സ്ഥാനം രണ്ടുപേർ പങ്കിട്ടു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി ഷജ്ന റഫീഖും മുംബൈ സ്വദേശി മെഹ്സബീൻ ശൈഖും 2000 ദിർഹമിന്റെ പുരസ്കാരം പങ്കിട്ടെടുത്തു. പ്രഫഷനലുകളെ വെല്ലുന്ന പ്രകടനമാണ് മത്സരാർഥികൾ കാഴ്ചവെച്ചതെന്ന് വിധിനിർണയത്തിന് നേതൃത്വം നൽകിയ ഷെഫ് പിള്ള പറഞ്ഞു.
ഷെഫ് ഫജീദ, ഷെഫ് ബാബു പണിക്കർ എന്നിവരായിരുന്നു മറ്റു വിധികർത്താക്കൾ. ജേതാക്കൾക്ക് റെനോം ഹോൾഡിങ് എം.ഡി അബ്ദുൽ മുനീർ, കെ.പി ഗ്രൂപ് ഡയറക്ടർ ആഷിഖ്, യൂനിക്ക് വേൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷാക്കിർ, മീഡിയവൺ ഡയറക്ടർ ഡോ. അഹമ്മദ്, മീഡിയവൺ-ഗൾഫ് മാധ്യമം എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസലാം ഒലയാട്ട് തുടങ്ങിയവർ പുരസ്കാരങ്ങൾ കൈമാറി. ആദ്യഘട്ടത്തിൽ നേരത്തേ തയാറാക്കിയ വിഭവങ്ങളുമായി മാറ്റുരച്ച 25 പേരിൽനിന്നാണ് അവസാനഘട്ട ലൈവ് കുക്കിങ്ങിനായി പത്തുപേരെ തെരഞ്ഞെടുത്തത്. ഇതോടൊപ്പം നടന്ന ഷെഫ് തിയറ്ററിൽ ‘ഭക്ഷ്യ വിപണനരംഗത്ത് എങ്ങനെ സംരംഭകരാകാം’ എന്ന വിഷയത്തിൽ ഷെഫ് പിള്ള അതിഥികളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.