അൽ ഹയർ ഉയരങ്ങളിലെ പാർപ്പിട ചന്തം
text_fieldsഫർഫർ മലനിരകളിലെ വാദി അൽ ഹിലുവിലെ അൽ ഹയർ പാർപ്പിട സമുച്ചയങ്ങളെ ആകർഷകമാക്കുന്നത് അവയുടെ തനത് നിർമാണ രീതിയും സമുദ്ര നിരപ്പിൽ നിന്ന് 1200 ആടി ഉയരത്തിൽ നിൽക്കുന്ന തലയെടുപ്പുമാണ്. മലകൾക്ക് പരിക്കേൽപ്പിക്കാതെ ബദുവിയൻ രീതിയിൽ തീർത്ത വീടുകൾ തട്ടുതട്ടുകളായാണ് നിർമിച്ചിരിക്കുന്നത്.
ഏതുസമയവും ശുദ്ധവായു വീടുകളിൽ കയറി ഇറങ്ങുന്ന രീതിയാണിത്. സദാ ശ്വസിക്കുന്ന വീടുകൾ എന്ന് ഇവയെ വിളിക്കാം. വീടുകളോട് ചേർന്ന് തോട്ടങ്ങളും കിണറുകളുമുണ്ട്. 43.9 കോടി ദിർഹം ചിലവിൽ രണ്ടുഘട്ടങ്ങളിലായാണ് ഈ മലയോര സൗന്ദര്യം പൂർത്തിയാക്കിയത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശത്തോടെയും നിരീക്ഷണത്തോടെയുമായിരുന്നു നിർമാണം.
യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പാർപിട സമുച്ചയമാണിത്. മഴക്കാലത്ത് കെട്ടിടങ്ങളിൽ താളമിട്ട്, വലിയ തോടുകളോട് കഥ പറയാൻ താഴ്വരയിലേക്ക് പായുന്ന ചെറിയ തോടുകളുടെ സൗന്ദര്യം വേറെ തന്നെ. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിതമാണ് ഈ മേഖല. ഇടക്കിടെ മഴ ലഭിക്കുന്ന പ്രദേശമായതിനാൽ ഇവിടെ ഡാമുകളും നിർമിച്ചിട്ടുണ്ട്. വാദി അല്‍ ഹിലു ഉൾപെടുന്ന ഫർഫര്‍ മലനിരകള്‍ മനോഹരമാണ്. നിരവധി വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. അവധി ദിവസങ്ങളില്‍ പ്രവാസികളും സ്വദേശികളും ഇവിടെ എത്തും. മഴപെയ്താല്‍ വെള്ളത്തിന് താഴ്വരയിലെത്താന്‍ പ്രകൃതി തന്നെ നിർമിച്ച ചാലുകള്‍ കൊതിപ്പിക്കുന്നതാണ്.
മലയുടെ ഉച്ചിയില്‍ നിന്ന് തുടങ്ങി താഴ്വരയില്‍ അവസാനിക്കുന്ന പാർപ്പിടങ്ങൾക്ക് തൂവെള്ള നിറമാണ്. ആടുമാടുകൾ തുള്ളിച്ചാടി നടക്കുന്ന ഈ വീടുകൾക്കിടയിൽ പ്രകൃതി തന്നെ ഒരുക്കി വെച്ച നിരവധി പൂന്തോപ്പുകളും പുൽമേടുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.