ദുബൈയിൽ റോഡിന് പേരിടാൻ നിവാസികൾക്കും അവസരം
text_fieldsദുബൈ: എമിറേറ്റിലെ ഇടറോഡുകൾക്ക് പേരിടുന്നതിന് പുതിയ മാനദണ്ഡം പിന്തുടരുമെന്ന് ദുബൈ റോഡ് നാമകരണ സമിതി അറിയിച്ചു. സന്ദർശകർക്കും ഡ്രൈവർമാർക്കും റോഡുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പേരും നമ്പറും സംയോജിപ്പിച്ച രീതിയായിരിക്കും സ്വീകരിക്കുക. സംരംഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ അൽ ഖവാനീജ് 2 ഏരിയയിലെ റോഡിന് അൽ ഖാഫ് സ്ട്രീറ്റ് എന്ന് പേരിട്ടു. പ്രാദേശികമായി വളരുന്ന മരങ്ങളുടെയും ചെടികളുടെയും പേരുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പേര് നിർദേശിച്ചത്.
അൽ സിദ്ർ, ബാസിൽ, അൽ ഫാഗി, അൽ സമർ, അൽ ഷരിഷ് എന്നീ പേരുകളാണ് മറ്റ് നഗര റോഡുകൾക്കിട്ടിരിക്കുന്നത്. ഓരോ മേഖലക്കും പ്രദേശത്തിനും വേണ്ടിയുള്ള ഭൂവിനിയോഗവും വികസന പദ്ധതികളും നിശ്ചയിക്കുമ്പോൾ റോഡുകളുടെ പുതിയ പേരുകൾ കൂടി പരിഗണിക്കും.
അതോടൊപ്പം റോഡുകളുടെ പേരുകൾ നിർദേശിക്കാൻ നിവാസികൾക്കും അവസരം വാഗ്ദാനം ചെയ്യുന്നതായി ദുബൈ റോഡ് നാമകരണ സമിതി വ്യക്തമാക്കി. റോഡുകൾക്ക് പേരിടുന്നതിൽ ജനങ്ങളെ കൂടി ഉൾപ്പെടുത്തുന്നതിനും അവരിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമുള്ള നടപടികൾ അടുത്ത ഘട്ടത്തിൽ ആരംഭിക്കും. ചില മേഖലകളിൽ ഇതിനായുള്ള നടപടികൾ കമ്മിറ്റി പ്രഖ്യാപിക്കും.
എമിറേറ്റിലുടനീളമുള്ള യാത്ര ലഘൂകരിക്കുന്നതിൽ കേന്ദ്രീകരിച്ചാണ് പുതിയ രീതിശാസ്ത്രമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലും ദുബൈ റോഡ് നാമകരണ സമിതി ചെയർമാനുമായ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.