ഒന്നാം റാങ്കിന് ആദരം: മലയാളി വിദ്യാർഥിനിക്ക് യു.എ.ഇ നൽകിയത് പത്ത് വർഷത്തെ വിസ
text_fieldsഷാർജ: പ്രമുഖ വ്യക്തിത്വങ്ങൾക്ക് യു.എ.ഇ നൽകുന്ന 10 വർഷ ഗോൾഡൻ വിസ മലയാളി വിദ്യാർഥിനിക്ക്. ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ ചന്തിരൂർ അൽസനാബിലിൽ മുഹമ്മദ് അസ്ലമിെൻറയും സുനിതയുടെയും മകൾ തസനീം അസ്ലമാണ് അതുല്യ നേട്ടം സ്വന്തമാക്കിയത്. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി യു.എ.ഇ നൽകുന്ന ഗോൾഡൻ വിസ നേടുന്ന ആദ്യ മലയാളി വിദ്യാർഥിനിയാണ് തസ്നീം. 2031 മെയ് 23 വരെ യു.എ.ഇയിൽ തങ്ങാനുള്ള വിസയാണ് തസ്നീമിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഷാർജ അൽഖാസിമിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്ലാമിക് ശരീഅയിൽ ഡിഗ്രിയിൽ ഒന്നാം റാങ്ക് നേടിയതാണ് തസ്നീമിെൻറ നേട്ടത്തിന് നിദാനമായത്. ഖുർആൻ മനഃപാഠമാക്കിയ തസ്നീം ഷാർജ യൂനിവേഴ്സിറ്റിയിൽതന്നെ ഫിഖ്ഹിൽ (ഇസ്ലാമിക കർമശാസ്ത്രം) പി.ജിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് ഗോൾഡൻ വിസ ലഭിച്ചത്.
പഠനത്തിലും പാഠ്യേതര പ്രവൃത്തിയിലും മിടുക്കിയായ തസ്നീം സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ യു.എ.ഇയിൽനിന്ന് നാലാം റാങ്കോടെയാണ് പാസായത്. എമിറേറ്റ്സ് നാഷനൽ സ്കൂളിൽ സ്കോളർഷിപ്പോടെയായിരുന്നു പ്ലസ് ടു പഠനം. മികച്ച വിജയത്തിനു ശേഷം അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ പ്രവേശനം നേടി. ഇതാണ് തസ്നീമിെൻറ ജീവിതത്തിൽ വഴിത്തിരിവായത്. നാലു വർഷത്തെ ബിരുദ പഠനം പൂർത്തിയാക്കിയപ്പോൾ 72 രാജ്യങ്ങളിലെ വിദ്യാർഥികളെ മറികടന്നാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. അറബി ഭാഷയിൽ പാണ്ഡിത്യം നേടാൻ കഠിന പരിശ്രമം നടത്തിയ തസ്നീം അറബിക് വാർത്തയും കോമഡിയും കാർട്ടൂണുകളും കാണുന്നത് സ്ഥിരമാക്കി. ഇസ്ലാമിക് സെമിനാറുകളിലും മത്സരങ്ങളിലും സ്ഥിരമായി പങ്കെടുത്തു.
അറബി കുട്ടികളുമായി സ്ഥിരമായി സംവദിച്ചു. ഡ്രൈവിങ് ലൈസൻസും കാറും ഉണ്ടായിരുന്നെങ്കിലും അറബി കുട്ടികളുമായി സംസാരിക്കാൻ യൂനിവേഴ്സിറ്റി ബസിലായിരുന്നു യാത്ര. അറബി ട്രാൻസ്ലേഷനിൽ മിടുമിടുക്കിയാണ്. അൽ ഹാസിം ഡോക്യുമെൻറ്സ് എന്ന പേരിൽ ടൈപിങ് സെൻറർ നടത്തുന്ന പിതാവിനെ ട്രാൻസ്ലേഷനിൽ സഹായിക്കുന്നതും തസ്നീമും സഹോദരങ്ങളുമാണ്. പഠനത്തിനിടയിലും ഷാർജ സർക്കാറിെൻറ ഖുർആൻ ആൻഡ് സുന്ന ഡിപാർട്മെൻറിൽ അധ്യാപികയായി ജോലിചെയ്യുന്നുണ്ട്. ഡിഗ്രി രണ്ടാം വർഷം മുതൽ ഇവിടെ പഠിപ്പിക്കുന്നു.
പഠനത്തിൽ മാത്രമല്ല, സാമൂഹിക സേവന പ്രവർത്തനങ്ങളിലും തൽപരയാണ് തസ്നീം. ഷാർജ റെഡ് ക്രസൻറിലെ സജീവ അംഗമാണ്. ഷാർജ സോഷ്യൽ സർവിസ് ഡിപ്പാർട്മെൻറിെൻറ പ്രവർത്തനങ്ങളിൽ വളൻറിയറായും പ്രവർത്തിക്കുന്നു. കുതിര സവാരി ഏറെ ഇഷ്ടപ്പെടുന്ന തസ്നീം മികച്ച ഡിസൈനർ കൂടിയാണ്. സ്വന്തം പർദ ഡിസൈൻ ചെയ്യാറുണ്ട്. സഹോദരി സുമയ്യയും അൽ ഖാസിമിയ്യ സർവകലാശാലയിലെ ആദ്യ വിദ്യാർഥിയാണ്. ഖുർആൻ മനഃപാഠമാക്കിയ സുമയ്യ എമിറേറ്റ്സ് അമേരിക്കൻ സ്കൂളിലെ അധ്യാപികയാണ്. ഭർത്താവ് സഫീർ ദുബൈയിൽ സോഫ്റ്റ്വെയർ എൻജിനീയർ. മാതാവ് സുനിതയുടെ പാത പിൻപറ്റിയാണ് മക്കളുെട സഞ്ചാരം.
എസ്.എസ്.എൽ.സിയിൽ ആലപ്പുഴ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച മുസ്ലിം വിദ്യാർഥിനിയായിരുന്നു സുനിത. ഇപ്പോൾ ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിലെ അധ്യാപികയാണ്. അനുജത്തി അമൽ ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി. 32 വർഷമായി ഷാർജയിലുള്ള മുഹമ്മദ് അസ്ലമിന് മകളെ കുറിച്ച് പറയുേമ്പാൾ നൂറുനാവാണ്. സ്വയം അധ്വാനിച്ച് കഷ്ടപ്പെട്ട് നേടിയെടുത്ത വിജയമാണിെതന്ന് അസ്ലം പറയുന്നു. ഒപ്പം, രക്ഷിതാക്കൾക്കായി ചില നിർദേശങ്ങളും മുന്നോട്ടു വെക്കുന്നു അസ്ലം 'നമ്മുടെ ചുറ്റുപാടുകളിൽ അറബി ഭാഷ പഠിക്കാൻ ധാരാളം സാധ്യതകളുണ്ട്. പക്ഷേ, പലരും ഇത് കാണാതെ പോകുന്നു.
ചുറ്റുപാടുകളിലേക്ക് ഉൾക്കാഴ്ചയോടെ നോക്കിയാൽ മക്കളെ നേട്ടത്തിെൻറ കൊടുമുടിയിലെത്തിക്കാം. താമസിക്കുന്ന സ്ഥലത്തിനടുത്ത് ഖുർആൻ പഠിക്കാൻ സൗകര്യമുണ്ടെങ്കിൽ അതാവും ഏറ്റവും നല്ലത്. മറ്റ് അറബിക് കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് പഠിപ്പിച്ചാൽ അറബിക് ഭാഷ പഠിച്ചെടുക്കാൻ അവസരം ലഭിക്കും. മതപരമായി മാത്രമല്ല, അനന്തമായ ജോലി സാധ്യതകളാണ് ഈ മേഖലയിലുള്ളത്. രക്ഷിതാക്കൾ ഇത് മനസ്സിലാക്കാതെ പോവരുത്'അസ്ലം പറയുന്നു. ഷാർജ മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് ക്ലിനിക് മുൻ ജീവനക്കാരനാണ് അസ്ലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.