വേനലവധിക്ക് ശേഷം മടക്കയാത്ര; പ്രവാസികളെ പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ
text_fieldsദുബൈ: വേനലവധിക്ക് ശേഷം നാട്ടിൽനിന്ന് മടക്കയാത്രക്കൊരുങ്ങുന്ന പ്രവാസികളെ ഞെക്കിപ്പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ. വരാനിരിക്കുന്ന സീസൺ മുൻകൂട്ടിക്കണ്ട് ഒട്ടുമിക്ക എയർലൈൻസുകളും ടിക്കറ്റ് നിരക്ക് രണ്ടിരട്ടി വരെ ഉയർത്തിയിരിക്കുകയാണ്.
കേരളത്തിൽനിന്നുള്ള പ്രവാസികളെയാണ് ഉയർന്ന ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വടകര എം.പി ഷാഫി പറമ്പിൽ ഉൾപ്പെടെ വിമാനക്കമ്പനികളുടെ കൊള്ളക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നാണ് വിമാന നിരക്കുകൾ സൂചിപ്പിക്കുന്നത്.
നാട്ടിലേക്ക് അവധി ആഘോഷിക്കാൻ പോയ പ്രവാസികൾ സ്കൂളുകൾ തുറക്കുന്നതോടെ കൂട്ടത്തോടെ മടങ്ങാൻ ഒരുങ്ങുകയാണ്. ഇതോടെ കേരള-മിഡിലീസ്റ്റ് സെക്ടറിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പാണുണ്ടാവുക. ഇത് മുൻകൂട്ടിക്കണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നത്. മിഡിലീസ്റ്റ്, യൂറോപ്പ് സെക്ടറുകളിലാണ് വലിയ രീതിയിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
യു.എ.ഇയിൽ ഏറ്റവും കൂടുതൽ പ്രവാസികളെത്തുന്ന കേരള-മിഡിലീസ്റ്റ് മേഖലയിലാണ് വലിയ ഡിമാൻഡ് ഉണ്ടാവുക. ആഗസ്റ്റ് 26ഓടെ യു.എ.ഇയിൽ സ്കൂളുകളിലധികവും തുറക്കും. ഇതോടെ ഏത് വിധേനയും തിരികെയെത്താൻ പ്രവാസികൾ തയാറാവുമെന്നുറപ്പാണ്.
കേരളം, മുംബൈ ഉൾപ്പെടെ ചില ഇന്ത്യൻ നഗരങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെയാണ് വർധന. ഒന്നിലധികം കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിന് താങ്ങാവുന്നതിലധികമാണ് ടിക്കറ്റ് നിരക്ക്. മൂന്നംഗ കുടുംബത്തിന് നാട്ടിൽനിന്ന് തിരികെയെത്താൻ ഒരു ലക്ഷത്തിന് മുകളിലാണ് ചാർജ്. 30,000 രൂപക്ക് മുകളിലാണ് കേരളത്തിൽനിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളുടെ ടിക്കറ്റ് നിരക്ക്. പലരും നേരത്തേ ബുക്ക് ചെയ്തതിനാൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.
എന്നാൽ, കേരളത്തിൽ കനത്ത മഴയിൽ വിചാരിച്ച സമയത്ത് തിരികെ പോകാനാകുമോയെന്ന ആശങ്കയിലാണ് വലിയ വിഭാഗം പ്രവാസികളും. ഇതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ വിമാനക്കമ്പനികൾ സർവിസ് റദ്ദാക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മേഖലയിൽ കാര്യമായ സർക്കാർ ഇടപെടൽ ഇല്ലാത്തതിനാൽ സ്വകാര്യ കമ്പനികളുടെ തന്നിഷ്ടമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.