സുൽത്താന്റെ മടക്കം; അലങ്കാരങ്ങളിൽ തിളങ്ങി അബൂദബി
text_fieldsഅബൂദബി: ദീർഘകാല ബഹിരാകാശദൗത്യം വിജയകരമായി പൂർത്തീകരിച്ച് തിരിച്ചെത്തിയ സുൽത്താൻ അൽ നിയാദിക്ക് ആശംസകൾ നേർന്ന് അബൂദബി പാലങ്ങളിൽ അലങ്കാരവിളക്കുകൾ സ്ഥാപിച്ചു.
യു.എ.ഇ പതാക കൈകളിലേന്തിയ ബഹിരാകാശ യാത്രികന്റെ രൂപത്തിലാണ് വിളക്കുകൾ ഒരുക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് രാജ്യത്തിന്റെ ‘പുത്രൻ’ ആഹ്ലാദവും അഭിമാനവും സമ്മാനിച്ച് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെക്കുന്നതിനാണ് അലങ്കാരങ്ങൾ സ്ഥാപിച്ചതെന്ന് അബൂദബി മുനിസിപ്പാലിറ്റി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആറുമാസം നീണ്ട ബഹിരാകാശദൗത്യം പൂർത്തിയാക്കി യു.എസിലെ ഹൂസ്റ്റണിൽ വന്നിറങ്ങിയ അൽ നിയാദി 14 ദിവസം അവിടെത്തന്നെ കഴിയും.
പിന്നീട് ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കാൻ എത്തിച്ചേരും. പിന്നീട് ശാസ്ത്ര പരീക്ഷണങ്ങൾ തുടരുന്നതിന് ഹൂസ്റ്റണിലേക്കുതന്നെ മടങ്ങുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, തിരിച്ചെത്തുന്ന അദ്ദേഹത്തിന് രാജ്യത്തിന്റെ സമുചിത സ്വീകരണം ഒരുക്കുന്നതിന് അണിയറയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്.
നേരത്തേ ഹസ്സ അൽ മൻസൂരിക്ക് നൽകിയതിന് സമാന രീതിയിൽ ഗംഭീര സ്വീകരണച്ചടങ്ങുകളാണ് ഒരുക്കുക.
രാഷ്ട്രനേതാക്കളെ സന്ദർശിക്കൽ, ദൗത്യ വിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അൽ ഐനിൽ പ്രത്യേക സ്വീകരണം എന്നിവ സംഘടിപ്പിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.