യു.എ.ഇയിൽ റവന്യൂ അദാലത്ത് സംഘടിപ്പിക്കും -മന്ത്രി രാജൻ
text_fieldsദുബൈ: പ്രവാസികളുടെ ഭൂമി സംബന്ധമായ പരാതികൾ തീർപ്പാക്കുന്നതിന് യു.എ.ഇയിൽ അദാലത്തിന് സംവിധാനമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ദുബൈയിൽ മാധ്യമപ്രവർത്തകരുമായി മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രവാസി അദാലത്ത് നടപ്പാക്കാൻ ലാൻഡ് റവന്യൂ കമീഷൻ ഓഫിസിൽ പ്രത്യേക സെൽ രൂപവത്കരിക്കും. ആറു മാസത്തിലൊരിക്കൽ എന്ന നിലയിൽ അദാലത്ത് ഒരുക്കാനാണ് ആലോചന. തുടക്കമെന്ന നിലയിലാണ് യു.എ.ഇയിൽ നടപ്പാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ലോക കേരളസഭയിൽ ഉണ്ടാകും- മന്ത്രി കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർക്ക് യു.എ.ഇയിൽ വരാൻ തടസ്സമുണ്ടെങ്കിൽ ഓൺലൈനിൽ അദാലത്ത് ഒരുക്കുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.കെ-റെയിൽ പദ്ധതി എൽ.ഡി.എഫിന്റെ പ്രഖ്യാപിത പദ്ധതിയാണെന്നും എന്നാൽ, ആരുടെയും നെഞ്ചിൽ ചവിട്ടി പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കല്ലിടുന്നത് നിർബന്ധമില്ല. എന്നാൽ, സർവേ നടത്താതെ സാമൂഹിക ആഘാതപഠനം സാധ്യമല്ല. അതിനാലാണ് ഡിജിറ്റൽ സർവെയും പരിഗണിച്ചത്. ഭൂമി നഷ്ടപ്പെടുന്നവർക്ക് വിപണി വിലയേക്കാൾ നഷ്ടപരിഹാരം നൽകും. ഇക്കാര്യത്തിൽ ജനപക്ഷ നിലപാടാണ് എൽ.ഡി.എഫ് സർക്കാറിനുള്ളത് -മന്ത്രി കൂട്ടിച്ചേർത്തു. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലല്ലെന്നും മണ്ഡലത്തിലെ കോൺഗ്രസ് സ്വാധീനവും സഹതാപ തരംഗവുമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ സ്വാധീനിച്ചതെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ചടങ്ങിൽ കെ.എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. ടി. ജമാലുദ്ദീൻ സ്വാഗതവും അരുൺ രാഘവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.