ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് അരി കയറ്റുമതി പുനഃസ്ഥാപിച്ചു
text_fieldsദുബൈ: മൂന്നു മാസത്തെ ഇടവേളക്കുശേഷം യു.എ.ഇയിലേക്ക് വീണ്ടും അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ബസുമതിയല്ലാത്ത 75,000 ടൺ വെള്ള അരി കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. നാഷനൽ കോഓപറേറ്റിവ് എക്സ്പോർട്ട് ലിമിറ്റഡ് വഴിയായിരിക്കും അരി കയറ്റുമതി ചെയ്യുകയെന്ന് തിങ്കളാഴ്ച വൈകീട്ട് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) വ്യക്തമാക്കി.
യു.എ.ഇ, കെനിയ, മഡഗാസ്കർ, ബെനിൻ എന്നിവിടങ്ങളിലേക്ക് ഈ വർഷം 2.2 ശതകോടി ഡോളറിന്റെ അരി കയറ്റുമതി ചെയ്യാനാണ് തീരുമാനം. ഇതിനായി കയറ്റുമതി നയത്തിൽ സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. അയൽരാജ്യങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സർക്കാറിന്റെ അനുമതിയുടെ അടിസ്ഥാനത്തിൽ അരി കയറ്റുമതി ചെയ്യാമെന്നാണ് പുതിയ വ്യവസ്ഥ. എന്നാൽ, വിദേശ രാജ്യങ്ങളുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാകും കയറ്റുമതിക്ക് അനുമതി ലഭിക്കുകയെന്നും ഡി.ജി.എഫ്.ടി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ആഭ്യന്തര വിപണിയിൽ വിലവർധന തടയുന്നതിന്റെയും ഭാഗമായി ഇക്കഴിഞ്ഞ ജൂലൈ 20ന് ഇന്ത്യൻ സർക്കാർ അരിയുടെ കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. അരി ഉൽപാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളിൽ കനത്ത മഴമൂലം വിളവെടുപ്പ് കുറഞ്ഞതോടെയാണ് താൽക്കാലികമായി കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം കഴിഞ്ഞ മാസം സിംഗപ്പൂരിലേക്ക് അരി കയറ്റുമതി ആരംഭിച്ചിരുന്നു. സിംഗപ്പൂർ സർക്കാറിന്റെ അഭ്യർഥന മാനിച്ചാണ് കയറ്റുമതിക്ക് അനുമതി നൽകിയത്.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിൻ ആണ് ഇന്ത്യയിൽനിന്ന് പ്രധാനമായും ബസുമതി അല്ലാത്ത അരി കയറ്റുമതി ചെയ്യുന്ന രാജ്യം. യു.എ.ഇ, നേപ്പാൾ, ബംഗ്ലാദേശ്, ചൈന, ടോഗോ, ഐവറികോസ്റ്റ്, സെനഗൽ, ഗിനി, വിയറ്റ്നാം, ജിബൂതി, മഡഗാസ്കർ, കാമറൂൺ, സോമാലിയ, മലേഷ്യ, ലൈബീരിയ എന്നീ രാജ്യങ്ങളും ഇന്ത്യയിൽനിന്ന് അരി കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ അരി കയറ്റുമതി താൽക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും നവംബറിൽ പുനഃസ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.