ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക്, ലഗേജ് തൂക്കം വെട്ടിക്കുറക്കൽ; ഫലം കാണാതെ ഇടപെടലുകൾ
text_fieldsദുബൈ: ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വിദേശനാണ്യം സംഭാവന ചെയ്യുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ കണ്ണീരിന് പുല്ലുവില കൽപിച്ച് വിമാന കമ്പനികളും കേന്ദ്ര സർക്കാറും. ടിക്കറ്റ് നിരക്ക് വർധനയിൽ പൊറുതിമുട്ടുന്നതിനിടെയാണ് പലവിധ പേരുകൾ നൽകി യു.എ.ഇയിൽനിന്നുള്ള യാത്രക്കാർക്ക് സൗജന്യമായി അനുവദിച്ചിരുന്ന ലഗേജിന്റെ തൂക്കം എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചിരിക്കുന്നത്.
എം.പിമാരായ ഷാഫി പറമ്പിലും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെയുള്ളവർ വിഷയം പാർലമെന്റിൽ ഗൗരവമായി അവതരിപ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ കേന്ദ്രസർക്കാറോ വിമാന കമ്പനികളോ ഇതുവരെ തയാറായിട്ടില്ലെന്നതാണ് യാഥാർഥ്യം.
അവധിക്ക് കുടുംബസമേതം നാട്ടിലേക്ക് പോവാനുള്ള മോഹങ്ങൾക്ക് താങ്ങാനാവാത്ത വിമാന ടിക്കറ്റ് നിരക്ക് വില്ലനായതോടെ കടുത്ത മാനസിക സമ്മർദത്തിലാണ് പല പ്രവാസികളും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി രാപകലില്ലാതെ പ്രവാസ ലോകത്ത് പണിയെടുത്തിട്ടും രണ്ടോ മൂന്നോ കൊല്ലത്തിനുശേഷം നാട്ടിൽ പോയി ബന്ധുക്കളെ കാണാനുള്ള അവസരം പോലും സ്വന്തം രാജ്യം ചെയ്തുതരുന്നില്ലെന്നതാണ് ഏറെ സങ്കടകരമെന്ന് പ്രവാസികൾ പറയുന്നു.
മരണം സംഭവിച്ചാലും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റാലും നാട്ടിലേക്ക് പോകാൻ സാമ്പത്തിക സഹായമോ നിയമപരമായ പിന്തുണയോ സർക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കാറില്ല. സാമൂഹിക സംഘടനകളും സന്നദ്ധ പ്രവർത്തകരും ഇടപെട്ടാണ് മൃതദേഹങ്ങൾ യഥാസമയം നാട്ടിലെത്തിക്കുന്നത്.
അതിനായി രണ്ടുപേരുടെ വിമാന ടിക്കറ്റ് നിരക്കും കമ്പനികൾ ഈടാക്കുന്നുണ്ട്. ഡെങ്കിപോലുള്ള അസുഖങ്ങൾ പിടിപെട്ട് മരണപ്പെടുന്നവർക്ക് എമിറേറ്റ്സ് ഒഴികെയുള്ള വിമാനങ്ങൾ ഒന്നും മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കാറില്ല.
കാലാകാലമായി നിലനിൽക്കുന്ന വിമാന കമ്പനികളുടെ കൊള്ള എന്ന ശാപത്തിൽനിന്ന് യാത്രികർക്ക് മോചനം ലഭിക്കാനുള്ള ഏക മാർഗം വിദേശ വിമാനങ്ങൾക്ക് സർവിസ് അനുമതി നൽകുകയെന്നത് മാത്രമാണെന്ന് ഈ വിഷയത്തിൽ പഠനം നടത്തുകയും ട്രാവൽ രംഗത്ത് ഏറെക്കാലത്തെ പരിചയവുമുള്ള സുധീഷ് ദേര പറഞ്ഞു.
വാണിജ്യപരമായ നേട്ടങ്ങൾ ലക്ഷ്യമിട്ട് രൂപവത്കരിക്കപ്പെട്ട വ്യവസായ സ്ഥാപനം എന്ന നിലയിൽ എല്ലാ വിമാന കമ്പനികളും വരുമാനം നിലനിർത്തി സാമ്പത്തിക ലാഭം വർധിപ്പിക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണന നൽകുക.
അത്തരം സ്വകാര്യ സ്ഥാപനങ്ങളോട് യാത്ര നിരക്കുകൾ ഏകീകരിക്കണമെന്ന് പാർലമെന്ററി സമിതി അപേക്ഷിക്കുന്നതിന് പകരം സർക്കാറിൽ നിക്ഷിപ്തമായ നിയമപരമായ അധികാരങ്ങൾ ഉപയോഗിച്ച് കൂടുതൽ വിമാന സർവിസുകൾക്ക് അനുമതി നൽകി പ്രശ്നം പരിഹരിക്കുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വിപണിയിൽ വർധിച്ച് വരുന്ന ആവശ്യങ്ങൾ ആനുപാതികമായി സേവനങ്ങൾ നൽകാൻ രാജ്യത്തെ സ്വകാര്യ കമ്പനികൾ പ്രാപ്തരാകുന്നത് വരെയെങ്കിലും വിദേശ വിമാനങ്ങൾക്ക് കൂടുതൽ സർവിസിനുള്ള അവസരം നൽകണം. ഏറ്റവും കുറഞ്ഞത് സീസൺ സമയങ്ങളിലെങ്കിലും ഈ രീതി സ്വീകരിച്ചാൽ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.